
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതി വിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു.

കെ ബി എഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ് സി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശ്ശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട് ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വരുംതലമുറകള്‍ക്ക് സുരക്ഷിതമായ ഭൂമി കൈമാറേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്തമാണെന്ന് അഭിപ്രായപ്പെട്ടു. ജി ആര് സി സി ഉപദേഷ്ടാവ് സുബൈര്‍ പാണ്ടവത്ത് പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
മനഃശാസ്ത്രജ്ഞ ആയിഷ സൈബൂല്‍ മനുഷ്യന്റെ മാനസികാരോഗ്യവും പ്രകൃതിയുമായുള്ള ബന്ധവും സംബന്ധിച്ച് സംസാരിച്ചു. പ്രകൃതിയോട് അടുക്കുന്ന ജീവിതശൈലി വ്യക്തികളുടെ മാനസിക സന്തുലിതാവസ്ഥയ്ക്ക് സഹായകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. സ്പ്രിംഗ് ഇന്റര്‍നാഷണല്‍ എം ഡി ഫഹദ് വ്യവസായ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകണമെന്ന് പറഞ്ഞു.
സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് ചെറുവള്ളൂര്‍ പരിസ്ഥിതി സംരക്ഷണത്തിനായി ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
മീഡിയാപ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചര്‍ച്ചാ സംഗമം നിയന്ത്രിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം പ്രവര്‍ത്തനങ്ങളായി മാറുമ്പോഴാണ് യഥാര്‍ഥ മാറ്റമുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്പെയേര്‍ഡ് ബൈ നേച്വര്‍, ഫോര്‍ ക്ലൈമറ്റ്, ഫോര്‍ ഫ്യൂച്ചര്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിജ്ഞ പരിപാടി പങ്കുവച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

