

ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷത്തോടനുബന്ധിച്ചുള്ള മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് എം എല്‍ എയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യൂ, ആരോഗ്യം, പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, പി ഡബ്ല്യൂ ഡി, പി വി ഐ പി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത അവലോകന യോഗം ആലുവ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

കാലവര്‍ഷം നേരത്തേ എത്തിയതിനാല്‍ വെള്ളപ്പൊക്കം മുതലായ അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ട് നടപടികള്‍ സ്വീകരിക്കുവാന്‍ നില്‍ക്കാതെ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്നൊരുക്ക നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് എം എല്‍ എ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുനിസിപ്പാലിറ്റി, മറ്റു പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ വിശദീകരണം നല്‍കി. ചര്‍ച്ചകള്‍ക്കൊടുവില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന അടിയന്തിര സാഹചര്യം ഉണ്ടായാല്‍ അതനുസരിച്ച് ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനാവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സ്ഥലം നേരത്തെ കണ്ടുപിടിച്ച് മറ്റു നടപടികള്‍ സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി സുരക്ഷയൊരുക്കണമെന്ന് അതാതു വകുപ്പുകള്‍ക്കും വെള്ളപ്പൊക്ക ഭീഷണിയെ നേരിടുന്നതിനാവശ്യമായ ബോട്ടുകളും മറ്റു സജ്ജീകരണങ്ങളും തയ്യാറാക്കണമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിനും യോഗം നിര്‍ദ്ദേശം നല്‍കി. അതുപോലെ അടിയന്തിര സാഹചര്യങ്ങളില്‍ പൊലീസിന്റെ സേവനം ഉറപ്പു വരുത്തണമെന്ന് വകുപ്പിനും യോഗം നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി സുനില്‍, വി എം ഷംസുദ്ധീന്‍, രാജി സന്തോഷ്, ജയാ മുരളീധരന്‍, സി കെ ലിജി, പ്രിയ രഘു, വൈസ് പ്രസിഡന്റുമാരായ സ്‌നേഹ മോഹന്‍, സിന്ധു പാറപ്പുറം, കൗണ്‍സിലര്‍ എം പി സൈമണ്‍, ഡപ്യൂട്ടി കളക്ടര്‍ എല്‍ എ എസ് റെജീന, തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഞ്ജു ദാസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലജ് ഓഫീസര്‍മാര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഈ യോഗത്തിന്റെ തുടര്‍ച്ചയായി പഞ്ചായത്തുകളില്‍ അടിയന്തിരമായി അവലോകനയോഗങ്ങള്‍ കൂടണമെന്ന് യോഗം തീരുമാനിച്ചു. കൂടാതെ നാഷണല്‍ ഹൈവേ അതോറിറ്റി, പി ഡബ്ല്യൂ ഡി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം കൂടണമെന്നും തീരുമാനിച്ചു.

