
ലാഹോര്‍: അഫ്ഗാനിലെ ദേശീയ വനിതാ ഫുട്ബോള്‍ ടീമംഗങ്ങള്‍ പാകിസ്താനിലേക്ക് രക്ഷപ്പെട്ടു. അഫ്ഗാന്‍ പാസ്‌പോര്‍ട്ടും പാകിസ്താന്‍ വിസയും ഉള്‍പ്പെടെ രേഖകളെല്ലാം കൃത്യമായിരുന്നതായി പാകിസ്താന്‍ വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായ തൊര്‍ഖാം വഴിയാണ് ടീം അംഗങ്ങള്‍ പാകിസ്ഥാനില്‍ എത്തിയതെന്നും മന്ത്രി വിശദീകരിച്ചു.


അഫ്ഗാനിസ്ഥാനു വേണ്ടി അണ്ടര്‍-14, അണ്ടര്‍-16, അണ്ടര്‍-18 ടീമുകളില്‍ കളിച്ച വനിതാ താരങ്ങളാണ് ലാഹോറില്‍ എത്തിയത്. അഫ്ഗാനിസ്ഥാന്‍ വനിത ഫുട്ബോള്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായും പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധി നൗമന്‍ നദീം അവരെ സ്വീകരിച്ചതായും ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

അഫ്ഗാന്‍ വനിതാ ടീം എത്തിയെന്നാണ് പറയുന്നതെങ്കിലും ടീമിലെ എത്ര താരങ്ങളും അവരുടെ കുടുംബങ്ങളുമുണ്ടെന്ന കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. എഴുപത്തിയഞ്ചോളം പേരാണ് അതിര്‍ത്തി കടന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ഒന്നാം താലിബാന്‍ ഭരണത്തില്‍ വനിതകളുടെ കായിക ഇനങ്ങളെല്ലാം വിലക്കിയ താലിബാന്‍ ഇത്തവണയും നിയന്ത്രണങ്ങള്‍ വരുത്തുമെന്ന ഭയവും സൂചനയുമാണ് കായിക താരങ്ങളെ അതിര്‍ത്തി കടക്കാന്‍ പ്രേരിപ്പിച്ചത്.

