
ദോഹ: ഖത്തര്‍ ഔഖാഫ് മന്ത്രാലയവും ഇസ്ലാമിക കാര്യ മന്ത്രാലയവും ചേര്‍ന്ന് ‘ഖുര്‍ആന്‍ ഖിറാഅത്തുകളും ശാസ്ത്രങ്ങളും’ എന്ന പ്രത്യേക ഖുര്‍ആന്‍ വിജ്ഞാന എന്‍സൈക്ലോപീഡിയ ഇസ്ലാംവെബ് വെബ്‌സൈറ്റില്‍ പുറത്തിറക്കി. ഡിജിറ്റല്‍ ലോകത്ത് ഖുര്‍ആന്‍ ശാസ്ത്രങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

എന്‍സൈക്ലോപീഡിയ ഈജിപ്തിലെ മുന്‍ പ്രമുഖ ഖുര്‍ആന്‍ ഖാരികളുടെ ഗ്രാന്‍ഡ് ശൈഖായിരുന്ന ശൈഖ് ഡോ. അഹ്മദ് ഈസ അല്‍ മസ്വ്റാവിയാണ് തയ്യാറാക്കി ക്രമീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഖുര്‍ആനില്‍ താത്പര്യമുള്ളവര്‍ തുടങ്ങി എല്ലാ തലങ്ങളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഖുര്‍ആന്‍ ഖിറാഅത്ത് എന്ന സൂക്ഷ്മവും കൃത്യവുമായ ശാസ്ത്രശാഖയെ ആധുനികവും ക്രമബദ്ധവുമായ രീതിയില്‍ അവതരിപ്പിക്കുന്ന സമഗ്രമായ അക്കാദമിക് റഫറന്‍സാണ് ഈ എന്‍സൈക്ലോപീഡിയ.
ഖുര്‍ആനിലെ വിവിധ ഖിറാഅത്തുകള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യില്‍ നിന്നു വിശ്വസനീയമായ നിവേദന പരമ്പരകളിലൂടെ പാരമ്പര്യമായി കൈമാറപ്പെട്ട, ഖുര്‍ആന്‍ വചനങ്ങള്‍ ഉച്ചരിക്കുന്നതിനുള്ള യഥാര്‍ഥവും അംഗീകൃതവുമായ രീതികളാണെന്ന ശാസ്ത്രീയ സത്യത്തെ ആസ്പദമാക്കിയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ ഖിറാഅത്തുകളുടെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും പണ്ഡിതന്മാര്‍ ഏകകണ്‌ഠേന അംഗീകരിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ ഖിറാഅത്ത് സംബന്ധിച്ച പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഇവ ആരാധനയ്ക്കും പാരായണത്തിനും സാധുവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
തുടക്കക്കാര്‍ക്ക് വിഷയവസ്തു ലളിതമാക്കിക്കൊണ്ടുതന്നെ വിദഗ്ധര്‍ക്ക് ആവശ്യമായ ശാസ്ത്രീയ ആഴം നഷ്ടപ്പെടാതെ അവതരിപ്പിക്കുന്നതാണ് എന്‍സൈക്ലോപീഡിയയുടെ സവിശേഷത. വിവരണവും വിമര്‍ശനപരമായ പഠനവും സന്തുലിതമായി സംയോജിപ്പിച്ചുകൊണ്ട്, കര്‍ശനമായ അക്കാദമിക് നിലവാരം നിലനിര്‍ത്തുന്ന രീതിയില്‍ അറിവുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ക്രമീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഖുര്‍ആന്‍ ഖിറാഅത്ത് പണ്ഡിതരുടെ സമ്പാദ്യമായ ശാസ്ത്രീയ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ ഗവേഷണ രീതികളാണ് എന്‍സൈക്ലോപീഡിയ സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ശൈഖ് ഡോ. അഹ്മദ് ഈസ അല്‍ മസ്വ്റാവിയുടെ വിപുലമായ ശാസ്ത്രീയ പരിചയം ഈ കൃതിയുടെ ഉള്ളടക്കവും ഗവേഷണ നിലവാരവും കൂടുതല്‍ സമൃദ്ധമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
പത്ത് പ്രശസ്ത ഖിറാഅത്തുകളുടെ ഇമാമുമാരെയും അവരുടെ റാവികളെയും തകരാത്ത നിവേദന പരമ്പരകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് എന്‍സൈക്ലോപീഡിയ ആരംഭിക്കുന്നത്. തുടര്‍ന്ന് ഖിറാഅത്തുകളുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍, വ്യത്യാസങ്ങള്‍, നിവേദന രീതികള്‍ എന്നിവ വിശദീകരിക്കുകയും ഏഴ് ഖിറാഅത്തുകളും അംഗീകൃത ഖിറാഅത്തുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍, ഇസ്ലാമിക ലോകത്ത് വ്യാപകമായി പ്രചരിച്ച നിവേദനങ്ങള്‍ തുടങ്ങിയ പ്രധാന ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരിടത്ത് വിശ്വസനീയമായ അക്കാദമിക് ഉള്ളടക്കം ലഭ്യമാക്കുന്നതിലൂടെ ഖുര്‍ആന്‍ ഖിറാഅത്ത് ശാസ്ത്രം കൂടുതല്‍ എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാക്കുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്. ഇതുവഴി ഇസ്ലാമിക ഖുര്‍ആന്‍ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും ഡിജിറ്റല്‍ രേഖപ്പെടുത്തലിനും സംഭാവന നല്‍കുന്നതോടൊപ്പം അറിവിന്റെ പ്രചരണത്തില്‍ നടക്കുന്ന വേഗമേറിയ ഡിജിറ്റല്‍ മാറ്റങ്ങളോടും ഒത്തുചേരുന്നു.
ഖിറാഅത്ത് രീതികള്‍, നിവേദന ശൃംഖലകള്‍ (ഇസ്‌നാദ്), തജ്വീദ് നിയമങ്ങള്‍, വിവിധ ഖിറാഅത്തുകളിലെ നിയമാനുസൃത വ്യത്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ ശാസ്ത്രശാഖയിലെ വിപുലമായ വിഷയങ്ങള്‍ എന്‍സൈക്ലോപീഡിയയില്‍ ഉള്‍ക്കൊള്ളുന്നു. അഷ്-ഷാതിബിയ്യ, അദ്-ദുറ്ര, അത്ത്-തയ്യിബ തുടങ്ങിയ ഖിറാഅത്ത് സംബന്ധിച്ച പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശദീകരണവും നൂറ്റാണ്ടുകളായി ഈ ശാസ്ത്രം നിലനിന്നുവന്ന അടിസ്ഥാന തത്വങ്ങളുടെയും സ്രോതസ്സുകളുടെയും അക്കാദമിക് രേഖപ്പെടുത്തലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ആന്‍ ശാസ്ത്രങ്ങളിലെ നിരവധി ഉദ്യോഗസ്ഥരും പണ്ഡിതരുമടങ്ങുന്നവര്‍ ഈ എന്‍സൈക്ലോപീഡിയയെ ഇന്റര്‍നെറ്റിലെ ഖുര്‍ആന്‍ ഉള്ളടക്കത്തിന് വലിയ മൂല്യവര്‍ധനയാണെന്നും ഖുര്‍ആന്‍ ഖിറാഅത്ത് മേഖലയിലെ ഗവേഷണങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള സുപ്രധാന സംഭാവനയാണെന്നും പ്രശംസിച്ചു. പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും ഒരുപോലെ ക്രമബദ്ധവും ഉപയോക്തൃ സൗഹൃദവുമായ രീതിയില്‍ ഈ സൂക്ഷ്മ ശാസ്ത്രം ലഭ്യമാക്കുന്ന ശ്രമമാണിതെന്നും അവര്‍ വിലയിരുത്തി.

