വൈവിധ്യത്തിന്റെ ആഘോഷമായി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ’

Web Desk
2 Min Read

ദോഹ: സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് വേണ്ടി സംഘടിപ്പിച്ച ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ’ കലാസന്ധ്യ വൈവിധ്യങ്ങളുടെ ആഘോഷമായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് അരങ്ങേറിയത്.

city exchange

കലാ- സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി മുഹമ്മദ് മുഹ്‌സിന്‍ അല്‍ശമരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം പാരസ്പര്യത്തിന്റെയും കലാസാംസ്‌കാരിക വിനിമയത്തിന്റെയും ചരിത്രം കൂടിയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈസ് പ്രസിഡണ്ട് അര്‍ഷദ് ഇ അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്.

ഇന്ത്യന്‍ തൊഴില്‍ ശക്തിയെ രാജ്യത്തിന്റെ വികസന- നിര്‍മാണ പങ്കാളികള്‍ എന്ന പരിഗണനയിലാണ് ഖത്തര്‍ നേതൃത്വം കാണുന്നത്. ഐക്യത്തിലും കൂട്ടായ്മയിലും പരസ്പര ബഹുമാനത്തിലും ഊന്നിയ ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. ഖത്തറിനെ തങ്ങളുടെ രണ്ടാം വീട് എന്ന നിലക്കാണ് പ്രവാസികള്‍ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി), വുമണ്‍ ഇന്ത്യ ഖത്തര്‍, യൂത്ത് ഫോറം, തനിമ, മലര്‍വാടി, സ്റ്റുഡന്റ്‌സ് ഇന്ത്യ, ഗേള്‍സ് ഇന്ത്യ, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ചൂരക്കൊടി കളരി സംഘം വില്ല്യാപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് കലാസന്ധ്യ അണിയിച്ചൊരുക്കിയത്. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് സമീപത്തെ ബൈത്ത് അല്‍സുലൈത്തിയിലായിരുന്നു പരിപാടി.

സി ഐ സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചര്‍, കേന്ദ്ര സമിതി അംഗങ്ങളായ നൗഫല്‍ വി കെ, നൗഫല്‍ പാലേരി, ഷാജഹാന്‍ മുണ്ടേരി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ ആര്‍ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന കോല്‍ക്കളി, ഒപ്പന, ഖവാലി, രാജസ്ഥാനി ഫോക്ക്, പഞ്ചാബി നൃത്തം, മൈമിങ്, കളരിപ്പയറ്റ്, കഥാപ്രസംഗം, മുട്ടിപ്പാട്ട്, എത്തിക്‌സ് ഡ്രസ് ഷോ, ഗാനം തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ അരങ്ങേറി. ഭക്ഷണ വൈവിധ്യത്തിന്റെയും കരകൗശല വസ്തുക്കളുടെയും എക്‌സിബിഷന്‍- വില്‍പ്പന കൗണ്ടറുകളും ഒരുക്കിയിരുന്നു.

സജ്‌ന ഇബ്രാഹിം, ജസീം സി കെ, ഡോ. സല്‍മാന്‍, ഷഫ്‌ന വാഹദ്, ഇലൈഹി സബീല, സിദ്ധിഖ് വേങ്ങര, ഷഫാ എന്നിവര്‍ പ്രോഗാമുകള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!