
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 2025- 2026 വര്‍ഷത്തേക്കുള്ള പ്രാദേശിക കാര്‍ഷിക ഉത്പന്ന വിപണികളുടെ പ്രവര്‍ത്തനത്തിന് വ്യാഴാഴ്ച തുടക്കം.

അല്‍ ഖോര്‍, അല്‍ തഖീറ, അല്‍ വഖ്റ, അല്‍ ശമാല്‍, അല്‍ ഷഹാനിയ എന്നിവിടങ്ങളിലാണ് പുതിയ സീസണില്‍ വിപണികള്‍ പ്രവര്‍ത്തിക്കുക. അതേസമയം, അല്‍ മസ്രൂഅ വിപണി വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനം തുടരും.

വിപണികളുടെ പുതിയ സീസണ് ആരംഭിക്കുന്നത് പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താനും കര്‍ഷകരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള വില്‍പ്പനാ മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിപണികള്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 3 വരെ പൊതുജനങ്ങള്‍ക്ക് തുറന്നിരിക്കും. 100-ലധികം ഖത്തറി ഫാമുകള്‍ ഉന്നത നിലവാരത്തിലുള്ള കാര്‍ഷിക ഉത്പന്നങ്ങളുമായി പങ്കെടുക്കുന്നുണ്ട്.
ഈ പദ്ധതിയിലൂടെ പ്രാദേശിക കാര്‍ഷിക ഉത്പാദനത്തിന് കൂടുതല്‍ കരുത്തും സ്ഥിരതയും നല്‍കുകയും ഖത്തര്‍ ദേശീയ വീക്ഷണം 2030-നും ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിനുമനുസരിച്ച് സുസ്ഥിര കാര്‍ഷികവും സാമ്പത്തികവുമായ വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുകയുമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കുന്നു.
വിപണികള്‍ കത്താറ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും അഗ്രിടെക് എക്സിബിഷന് മാര്‍ക്കറ്റും പോലെ കര്‍ഷകരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള വില്‍പ്പനാ ബന്ധം സൃഷ്ടിക്കുന്നു. ഇതിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ലഭിക്കാനും ഉപഭോക്താക്കള്‍ക്ക് പുതുമയും ഗുണമേന്മയുമുള്ള പ്രാദേശിക ഉത്പന്നങ്ങള്‍ ലഭിക്കാനും സാധിക്കുന്നു.
സീസണനുസരിച്ച് ലഭ്യമായ പച്ചക്കറികള്‍, തേന്‍, ഈന്തപ്പഴം തുടങ്ങിയ നിരവധി പ്രാദേശിക ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കും. ജനങ്ങള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാന്‍ മറവിട്ട ഇടങ്ങള്‍, പൊതു സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി പ്രത്യേക പരിശോധനാ സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറി കര്‍ഷകരെ പിന്തുണയ്ക്കാനും അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടികള്‍.
പ്രാദേശിക കാര്‍ഷിക വിപണികള്‍ 2012- 2013 സീസണില്‍ അല്‍ മസ്രൂഅയില് 24 ഫാമുകളുടെ പങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. 884 ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ അന്ന് വിറ്റഴിച്ചിരുന്നു. തുടര്‍ന്ന് 2014- 2015 സീസണില്‍ 166 ഫാമുകള്‍ പങ്കെടുത്ത് 10,679 ടണ്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു ആകെ പ്രാദേശിക ഉത്പാദനത്തിന്റെ 12 ശതമാനമാണിത്.
ഈ വിപണികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഖത്തറി കര്‍ഷകരെ ആധുനികവും ദീര്‍ഘകാല നിലനില്പ്പുള്ളതുമായ കൃഷിരീതികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുടെ പ്രായോഗിക നടപ്പാക്കലാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി,

