

ദോഹ: വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്ന നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് സഖര്‍ ഖമീസ് അല്‍ കുബൈസിയാണ് ഇക്കാര്യം പറഞ്ഞത്.

വിശ്വാസ്യത സൃഷ്ടിക്കാനായി പ്രാദേശിക നമ്പറുകളില്‍ നിന്നായിരിക്കും ഫോണ്‍ കോളുകള്‍ വരിക. അടുത്തിടെ ഖത്തറിലെ നിരവധി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയോ സാമ്പത്തിക സമ്മാനം നേടിയതായി തെറ്റായി അറിയിക്കുകയോ ചെയ്തുകൊണ്ട് വഞ്ചനാപരമായ ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി അല്‍കുബൈസി പറഞ്ഞു.

ഈ കോളുകളില്‍ ചിലത് പ്രത്യേക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അന്തര്‍ദ്ദേശീയ നമ്പറുകളില്‍ നിന്നാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വിശദമാക്കി.
സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പിന് ഈ പ്രശ്‌നത്തെക്കുറിച്ച് അറിയാമെന്നും പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അല്‍കുബൈസി സ്ഥിരീകരിച്ചു.

