

വാഷിംങ്ടണ്‍: മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ലോകമെങ്ങും വര്‍ധിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ തങ്ങള്‍ക്കെതിരായ അക്രമണങ്ങളും ഇസ്ലാമോഫോബിയയും വര്‍ധിച്ച് വരുമ്പോഴും മുസ്ലിംകങ്ങള്‍ അമേരിക്കയെ കൂടുതല്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരോട് വിവേചനം കാണിക്കരുതെന്നും മതവിശ്വാസങ്ങളുടെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടരുതെന്നും ബൈഡന്‍ വിശദമാക്കി.

ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ സാധിക്കാത്ത ഉയ്ഗറുകളേയും റോഹിങ്ക്യകളേയും ഉള്‍പ്പെടെ എല്ലാവരേയും ഓര്‍ക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. പട്ടിണി, അക്രമം, സംഘര്‍ഷം, രോഗം എന്നിവ നേരിടുന്നവരേയും ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാണാനാഗ്രഹിക്കുന്ന ലോകത്തെ പ്രതീക്ഷയുടേയും പുരോഗതിയുടേയും അടയാളങ്ങളിലേക്ക് നോക്കണമെന്നും യമനിലെ വെടിനിര്‍ത്തല്‍ അത്തരമൊരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായി വെടിനിര്‍ത്തലുണ്ടായപ്പോള്‍ അവര്‍ക്ക് സമാധാനത്തോടെ ഈദ് ആഘോഷിക്കാനായെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ ഗായകനും സംഗീത സംവിധായകനുമായ അരൂജ് അഫ്താബ്, ജില്‍ ബൈഡന്‍, വാഷിംങ്ടണ്‍ ഡി സിയിലെ ‘ദി നേഷന്‍സ് മോസ്‌ക്’ എന്നറിയപ്പെടുന്ന മസ്ജിദ് മുഹമ്മദിന്റെ ഇമാം ഡോ. താലിബ് എം ഷെരീഫ് എന്നിവരും ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ പ്രസംഗിച്ചു.

