Featured
ഖത്തറിലേക്കും യു എ ഇയിലേക്കും ലുലുവിന്റെ പിന്തുണയോടെ ഇന്ത്യയില്‍ നിന്ന് റോസ് ലിച്ചി കയറ്റുമതി ചെയ്തു

ദോഹ: റോസ് സുഗന്ധമുള്ള ഇന്ത്യന്‍ ലിച്ചികള്‍ ഖത്തറിലും യു എ ഇയിലും വിപണിയിലേക്ക്. റോസ് സുഗന്ധമുള്ള ആദ്യ ലിച്ചി പഞ്ചാബില്‍ നിന്നാണ് ഖത്തറിലേക്ക് കയറ്റി അയച്ചത്.


പത്താന്‍കോട്ടിലെ സുജന്‍പൂര്‍ ആസ്ഥാനമായുള്ള പ്രഭാത് സിംഗ് ആണ് പഞ്ചാബ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റേയും ലുലു ഗ്രൂപ്പിന്റേയും പിന്തുണയോടെ റോസ് ലിച്ചി ഖത്തറിലെത്തിച്ചത്. ഇന്ത്യയുടെ ഹോര്‍ട്ടികള്‍ച്ചര്‍ കയറ്റുമതി വിപണിയില്‍ പുതിയ സാധ്യതകളാണ് റോസ് ലിച്ചി കയറ്റുമതി നല്‍കുന്നത്.

പുതിയ വിളയാണ് റോസ് സുഗന്ധമുള്ള ലിച്ചി. സുജന്‍പൂരിലെ കര്‍ഷകരില്‍ നിന്നും ദോഹയിലേക്ക് കൂടുതല്‍ ലിച്ചി എത്തിക്കാനുള്ള പദ്ധതികളുണ്ട്. പുതുമ സംരക്ഷിക്കുന്നതിനും കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പഴങ്ങള്‍ റഫ്രിജറേറ്റഡ് പാത്രങ്ങളിലാണ് പായ്ക്ക് ചെയ്തത്.



പത്താന്‍കോട്ടിലെ കാലാവസ്ഥയും വെള്ളവും റോസ് ലിച്ചി കൃഷിക്ക് പ്രധാന അനുകൂല ഘടകങ്ങളാണ്. ഇന്ത്യന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയവും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള പുതിയ സഹകരണത്തിന്റെ ഭാഗമായി ഒരു മെട്രിക് ടണ്‍ റോസ് സുഗന്ധമുള്ള ലിച്ചിപ്പഴമാണ് ദോഹയിലെത്തിയത്. പത്താന്‍കോട്ടില്‍ നിന്ന് 600 കിലോഗ്രാം ലിച്ചിയാണ് ദുബായിലേക്ക് അയച്ചത്.
അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) കിലോഗ്രാമിന് 175 രൂപയ്ക്കാണ് ലിച്ചി കര്‍ഷകരില്‍ നിന്നും വാങ്ങിയത്. ദോഹയിലും ദുബായിലും കയറ്റുമതി മൂല്യം കിലോഗ്രാമിന് 375 രൂപയിലധികമാണെന്ന് അധികൃതര്‍ പറഞ്ഞു.
അതിലോലമായ പുഷ്പ സുഗന്ധത്തിനും മധുരത്തിനും പേരുകേട്ട ലിച്ചി ബീഹാറിലെ മിഥില മേഖലുമായി ബന്ധപ്പെട്ടാണ് വളരെ കാലം അറിയപ്പെട്ടിരുന്നത്. മൂന്ന് നൂറ്റാണ്ട് മുമ്പ് ചൈനയില്‍ നിന്നാണ് ലിച്ചി ഇന്ത്യയിലെത്തിയതെന്നാണ് കരുതുന്നത്. ബീഹാറിന് മുമ്പ് അസം, ബംഗാള്‍ എന്നിവിടങ്ങളിലും ലിച്ചി ധാരളമായി ഉണ്ടായിരുന്നു.
കഴിഞ്ഞ ദശകത്തിലാണ് ലിച്ചി ഉത്പാദനത്തില്‍ ബീഹാര്‍ കുത്തനെ താഴേക്ക് പോയത്. 2001- 02 വര്‍ഷത്തില്‍ ഇന്ത്യയിലെ ലിച്ചി പഴത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉത്പാദിപ്പിച്ചിരുന്ന ബീഹാറില്‍ പത്തു വര്‍ഷത്തിനിടെ 43 ശതമാനമാണ് കുറഞ്ഞത്. ഇപ്പോള്‍ ഇന്ത്യയിലെ ഉത്പാദനത്തിന്റെ കാല്‍ഭാഗത്തില്‍ താഴെ മാത്രമാണ് ബീഹാറില്‍ നിന്നും ലഭിക്കുന്നത്. പഞ്ചാബ്, ജാര്‍ഖണ്ഡ, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ലിച്ചിപ്പഴം ധാരാളമായി ഉത്പാദിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രഭാത് സിംഗില്‍ നിന്ന് 90 കിലോ രൂപയ്ക്കാണ് റോസ് സുഗന്ധമുള്ള ലിച്ചികള്‍ വാങ്ങിയതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വില കിലോയ്ക്ക് 175 രൂപയിലെത്തിയതായും രുചിയിലും സ്വാദിലും മികച്ച വിളയായി ഉയര്‍ന്നുവെന്നും പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവയുടെ എപിഇഡിഎ റീജിയണല്‍ ഹെഡ് ഹര്‍പ്രീത് സിംഗ് പറഞ്ഞു.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചാബിന്റെ ലിച്ചി ഉത്പാദനം 71,490 മെട്രിക് ടണ്‍ ആയിരുന്നു, ഇത് ഇന്ത്യയുടെ മൊത്തം ലിച്ചി ഉല്‍പാദനത്തിന്റെ 12.39 ശതമാനമാണ്. ഇതേ കാലയളവില്‍ ഇന്ത്യ 639.53 മെട്രിക് ടണ്‍ ലിച്ചി കയറ്റുമതി ചെയ്തു. കൃഷി ചെയ്യുന്ന വിസ്തീര്‍ണ്ണം 4,327 ഹെക്ടറായിരുന്നു. ശരാശരി വിളവ് ഒരു ഹെക്ടറിന് 16,523 കിലോഗ്രാമാണ്.
2024- 25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ഇന്ത്യയുടെ പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി 3.87 ബില്യണ്‍ എത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.67 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
നിലവില്‍, ഇന്ത്യയില്‍ നിന്നുള്ള പഴ കയറ്റുമതിയില്‍ മാമ്പഴം, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയാണ് ആധിപത്യം പുലര്‍ത്തുന്നത്. ചെറി, ജാമുന്‍, ലിച്ചി എന്നിവ അന്താരാഷ്ട്ര വിപണികളിലും ദേശീയ കയറ്റുമതിയിലും സ്ഥാനം പിടിക്കുന്നുണ്ട്.


