
ദോഹ: ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം വര്‍ധിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തപരമായ വാങ്ങല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി വാണിജ്യ- വ്യവസായ മന്ത്രാലയം മുതിര്‍ന്നവരുടെ ശാക്തീകരണവും പരിചരണവും ലക്ഷ്യമിടുന്ന ഇഹ്സാന്‍ സെന്ററുമായി സഹകരിച്ച് സെന്ററിലെ അംഗങ്ങള്‍ക്കായി ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു.

പങ്കെടുത്തവര്‍ക്ക് അവരുടെ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുകയും ബോധപൂര്‍വമായ വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ വിഭാഗം അവതരിപ്പിച്ച പ്രബന്ധവും ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമം നമ്പര്‍ (8)യും അതിന്റെ നിര്‍വഹണ ചട്ടങ്ങളും ഉള്‍പ്പെടുത്തി ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള വിശദമായ വിശദീകരണവും ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം വിതരണക്കാരുടെ പ്രധാന ബാധ്യതകളും വസ്തുക്കളെയും സേവനങ്ങളെയും നിയന്ത്രിക്കുന്ന ചട്ടങ്ങളും വിശദീകരിച്ചു.
ഉത്പന്നങ്ങള്‍ സുരക്ഷിതവും അനുയോജ്യവുമായി തെരഞ്ഞെടുക്കുന്ന വിധം, വാങ്ങുന്നതിന് മുമ്പ് ആലോചിച്ച് തീരുമാനമെടുക്കുന്നതിന്റെ പ്രാധാന്യം, അപകടകാരികളായ ഉത്പന്നങ്ങളെയോ തെറ്റായ ഉപയോഗങ്ങളെയോ തിരിച്ചറിഞ്ഞ് സാധ്യതാപരമായ അപകടങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ശരിയായ ഉപഭോക്തൃ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു ശില്പശാലയുടെ പ്രധാന ശ്രദ്ധ.
സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും നേരിടാവുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം, ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചും പങ്കെടുത്തവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.
ബോധവല്‍ക്കരണ ശില്പശാലയുടെ ഭാഗമായി ഒരു ഷോപ്പിംഗ് മാളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചു. അവിടെ ശരിയായ വാങ്ങല്‍ രീതികളെക്കുറിച്ച് പഠിച്ച പങ്കെടുത്തവര്‍ പ്രായോഗികമായി അവരുടെ അറിവുകള്‍ പ്രയോഗിക്കുകയും ചെയ്തു.

