
ലഖ്നൗ: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹ പ്രായം ഉയര്‍ത്തുന്നത് അവര്‍ക്ക് കൂടുതല്‍ പഠനത്തിനായാണെന്ന് മോദി പറഞ്ഞു.ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രയാഗ് രാജില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
കേന്ദ്ര സര്‍ക്കാര്‍ വളരെ സുപ്രധാനമായ നടപടിയാണ് സ്വീകരിച്ചതെന്നും നേരത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസായിരുന്നുവെന്നും അത് 21ആക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അതിനാലാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍ക്കെങ്കിലും 21 ആക്കുന്നതിനോട് പ്രശ്നമുണ്ടെങ്കില്‍ ആ പ്രശ്നമുണ്ടാക്കുന്നവരെയും സ്ത്രീകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

