

കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ബാലിശമായ കാര്യമാണ് പറയുന്നതെന്നും കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അനാവശ്യ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പൊതുതാത്പര്യമല്ല പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും കോടതി പറഞ്ഞു.

ആറാഴ്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയില്‍ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്‍ജിക്കാരന്‍. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോഡിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
