
പാലക്കാട്: ബി ജെ പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ജില്ലാ കലക്ടര്‍ ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്ന പരാതിയില്‍ രാതിയില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കലക്റ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാലെ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, ആരോപണങ്ങള്‍ തെളിയിക്കാനായി ചില ദൃശ്യങ്ങള്‍ പുതിയതായി കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്. പണം നല്‍കിയതായി വീഡിയോയിലുള്ള യുവതി പല ബി ജെ പി വേദികളിലും ശോഭയ്‌ക്കൊപ്പം ഉള്ളതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ഇതോടെ പണം വിതരണവുമായി ബി ജെ പിക്ക് ബന്ധമുണ്ടെന്ന സംശയം ശക്തിപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിനിടയിലാണ് പാലക്കാട് മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ ബി ജെ പി വ്യാപകമായി പണം വിതരണം ചെയ്തതെന്ന് ആരോപണം ഉയര്‍ന്നത്. എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പണം നല്‍കിയെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.
കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് മരണവീട് സന്ദര്‍ശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും സമീപത്തെ വീട്ടിലെ വയോധികയ്ക്ക് 5000 രൂപ നല്‍കിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യു ഡി എഫ് പ്രവര്‍ത്തകരുടെ ‘കരണം അടിച്ചുപൊട്ടിക്കുമെന്ന്’ ശോഭ ഭീഷണിപ്പെടുത്തുന്നതും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
ആദ്യഘട്ടത്തില്‍, മരുന്ന് വാങ്ങാന്‍ പണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നതാണെന്ന് വയോധിക മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പിന്നീട് ഇത് തിരുത്തി. കയ്യിലുണ്ടായിരുന്നത് ക്ഷേമ പെന്‍ഷന്‍ തുകയാണെന്നാണ് വയോധികയുടെ പുതിയ വിശദീകരണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വയോധികയുടെ വീട്ടില്‍ പരിശോധന നടത്തി.
പാലക്കാട്ടെ വിവിധ എസ് സി കോളനികളിലും പാവപ്പെട്ടവര്‍ താമസിക്കുന്ന ഇടങ്ങളിലും വ്യാപകമായി പണം വിതരണം ചെയ്തതായി യു ഡി എഫ് ആരോപിക്കുന്നു. ഒരാള്‍ക്ക് 5000 രൂപ വരെയും അമ്പലങ്ങളില്‍ 50,000 രൂപയും മരണവീടുകളില്‍ 25,000 രൂപയും ബി ജെ പി നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പിരായിരിയില്‍ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തതായും ആരോപണമുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായാണ് ഒരു സ്ഥാനാര്‍ഥി തന്നെ നേരിട്ട് പണം വിതരണം ചെയ്യുന്നത് പിടിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനായതിനാല്‍ നിലവില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു. ഉത്തരേന്ത്യന്‍ ശൈലിയില്‍ പണമൊഴുക്കി വോട്ട് നേടാനുള്ള ബി ജെ പിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ലെന്നും ശക്തമായ നടപടി വേണമെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആവശ്യപ്പെട്ടു.
ജില്ലയിലെ 12 മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ കൃഷ്ണകുമാറും അട്ടിമറി വിജയം നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

