ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്‌സ്: സെനഗലിന് ഖത്തറിന്റെ സഹായം; 15 ബസുകളും സുരക്ഷാ ഉപകരണങ്ങളും കൈമാറി

Web Desk
1 Min Read

ദോഹ: സെനഗലില്‍ നടക്കുന്ന ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ക്ക് പിന്തുണയുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി 15 ബസുകളും സുരക്ഷാ ഉപകരണങ്ങളുടെ ശേഖരവും ഖത്തര്‍ സെനഗല്‍ റിപ്പബ്ലിക്കിന് കൈമാറി. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 13 വരെയാണ് യൂത്ത് ഒളിമ്പിക്‌സ് നടക്കുക. ഒളിമ്പിക് കായികമേളയ്ക്ക് ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വേദിയൊരുങ്ങുന്നു എന്ന പ്രത്യേകതയും ഡാക്കര്‍ യൂത്ത് ഒളിമ്പിക്‌സിനുണ്ട്.

city exchange

അന്താരാഷ്ട്ര കായികമേളകള്‍ സംഘടിപ്പിക്കുന്ന രാജ്യങ്ങളെ സഹായിക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുമുള്ള ഖത്തറിന്റെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. 2022-ല്‍ ഫിഫ ലോകകപ്പിനും മറ്റ് പ്രമുഖ കായികമേളകള്‍ക്കും ആതിഥേയത്വം വഹിച്ചതിലൂടെ ഖത്തര്‍ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും പങ്കുവെച്ചാണ് പിന്തുണ നല്‍കുന്നത്.

ഖത്തറും സെനഗലും തമ്മില്‍ ദീര്‍ഘകാലത്തെ ശക്തമായ ബന്ധമാണുള്ളതെന്നും ആഫ്രിക്കന്‍ കായികചരിത്രത്തിലെ സുപ്രധാന നിമിഷമായ ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങളില്‍ സെനഗലിനെ സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സെനഗലിലെ ഖത്തര്‍ അംബാസഡര്‍ യൂസഫ് ഷഅ്ബാന്‍ ഇബ്രാഹിം അല്‍ സാദി പറഞ്ഞു. പ്രധാന കായികമേളകള്‍ സംഘടിപ്പിച്ചതിലൂടെ തങ്ങള്‍ നേടിയ അനുഭവസമ്പത്ത് പങ്കുവെക്കുന്നത് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലപ്പെട്ട സംഭാവനകളിലൊന്നാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ കായികരംഗത്തിനുള്ള പങ്കിലുള്ള തങ്ങളുടെ വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങള്‍ക്കു പ്രധാന കായികമേളകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങളില്‍ ഖത്തര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. വന്‍കിട കായികമേളകള്‍ സംഘടിപ്പിച്ചതിലൂടെ നേടിയ അനുഭവങ്ങളും പാരമ്പര്യവും പ്രയോജനപ്പെടുത്തി കായികരംഗത്തെ രാജ്യാന്തര സഹകരണവും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!