

കൊച്ചി: കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ നിയമിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് എ ജെ ദേശായി വിരമിക്കുന്ന ജൂണ്‍ അഞ്ചാം തിയ്യതി മുതല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വഹിക്കും. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്.

1967 ജൂണ്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ താണയില്‍ പരേതനായ അഡ്വ. പി മുസ്തഫയുടെയും എ സൈനാബിയുടെയും മകനാണ് അദ്ദേഹം. സ്‌കൂള്‍- കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഉഡുപ്പിയിലെ വി ബി ലോ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.

പാരിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫ്രഞ്ച് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ ബഹിരാകാശം, ടെലികമ്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ബിരുദാന്തര ബിരുദം, ഹേഗ് അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ ലോയില്‍ നിന്ന് പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ലോ കോഴ്‌സും പൂര്‍ത്തിയാക്കി. രാജ്യാന്തര സെമിനാറുകളില്‍ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. പിതാവിന്റെ കൂടെ കണ്ണൂര്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വവും അവിടെ തന്നെ പ്രാക്ടീസും തുടങ്ങി. അതിനു ശേഷം കണ്ണൂര്‍ താണയില്‍ ഇപ്പോഴത്തെ ഹെക്കോടതി ജസ്റ്റിസായ കൗസര്‍ എടപ്പഗത്തുമായി ചേര്‍ന്ന് എം കെ അസോസിയേറ്റ് എന്ന പേരില്‍ ലീഗല്‍ സ്ഥാപനം തുറന്ന് പ്രാക്ടീസ് ആരംഭിച്ചു. ആയിടെയാണ് ആഴ്ചയില്‍ രണ്ട് ദിവസം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്.
1999ല്‍ കണ്ണൂരിലെ ചില അഭിഭാഷക സൗഹൃദങ്ങളുമായി ചേര്‍ന്ന് എറണാകുളത്ത് എം കെ അസോസിയേറ്റസ് എന്ന ലോഫേമിന് രൂപം നല്‍കി പ്രാക്ടീസ് പൂര്‍ണ്ണമായും എറണാകുളത്താക്കി.
2014 ജനുവരി 23ന് കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. 2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജായി.
കേരള ഹൈക്കോടതിയിലെയും കീഴ്‌ക്കോടതികളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റല്‍വത്കരണത്തിലും നിര്‍ണ്ണായ പങ്കുവഹിച്ചു. 2019 സപ്തംബര്‍ 18 മുതല്‍ ഹൈക്കോടതി കമ്പ്യൂട്ടര്‍വത്ക്കരണ സമിതി ചെയര്‍മാനാണ്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ഒരുപിടി വിധികള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് കോടതിയെ ആശ്രയിക്കാതെ ഖുല്‍അ വ്യവസ്ഥ ശരിവെച്ച വിധിയും ഇദ്ദേഹത്തിന്റേതാണ്. ഒപ്പം കുട്ടികളുടെ ക്ഷേമത്തിനും അവരെ സഹായിക്കാനും അഭിഭാഷകരെ നിയമിക്കുവാനുമുള്ള വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖായിരുന്നു.
ഭാര്യ: ആമിന മുഷ്താഖ്. മൂത്തമകള്‍ എന്‍ജിനിയറും രണ്ടാമത്തെ മകള്‍ ഡിഗ്രി വിദ്യാര്‍ഥിനിയും മകന്‍ നിയമ വിദ്യാര്‍ഥിയുമാണ്.

