

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ഡാമിന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. എട്ട് ഷട്ടറുകള്‍ നേരത്തെ തുറന്നതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നതോടെയാണ് വെള്ളം ഉയര്‍ന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് സ്പില്‍വേ ഷട്ടറുകള്‍ പത്തെണ്ണം 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസവും മുന്നറിയിപ്പില്ലാതെ ഡാം തുറന്നതില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത് ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

