മുഖ്യമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി മസ്‌ക്കറ്റ്

Web Desk
2 Min Read

മസ്‌ക്കറ്റ്: ഒക്ടോബര്‍ 24ന് മസ്‌ക്കറ്റ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാവിഭാഗം ഒക്ടോബര്‍ 23, 24, 25 തിയ്യതികളിലായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ (ഐ സി എഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

city exchange

പരിപാടിയുടെ ഭാഗമായി ഒമാനിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആലോചനായോഗം റൂവിയിലെ ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ നടന്നു. ഐ സി എഫ് സംഘാടകസമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു. മാധ്യമ- സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി ടി കുഞ്ഞുമുഹമ്മദ്, പിണറായി വിജയനുമായി പല തലങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം പങ്കുവച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കണ്‍വീനറും ഐ സി എഫ് സംഘാടകസമിതി കണ്‍വീനറുമായ അജയന്‍ പൊയ്യാറ, ഐ സി എഫ് സംഘാടകസമിതി വൈസ് ചെയര്‍മാന്‍ സുനില്‍ കുമാര്‍ കെ കെ, മലയാളം മിഷന്‍ ഒമാന്‍ ചെയര്‍മാന്‍ ഡോ. ജെ രത്നകുമാര്‍, ഒമാനിലെ വിവിധ സംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു.

26 വര്‍ഷത്തിനു ശേഷമാണ് ഒരു കേരളമുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഒമാന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പൂര്‍ണപിന്തുണ വാഗ്ദ്ധാനം ചെയ്യുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഐ സി എഫ് അരങ്ങേറുന്നത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോത്പന്ന ഉത്പാദന- വിതരണ കമ്പനിയായ ‘ഷാഹി ഫുഡ്സ് ആന്‍ഡ് സ്പൈസസ്’ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ‘മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശത്തില്‍ ഊന്നിക്കൊണ്ടാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ അംബാസിഡര്‍, ഇന്ത്യയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള കലാ- സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

- Advertisement -
Ad image

ഇന്ത്യയുടെ വൈവിധ്യത്തെയും കലാ- സാംസ്‌കാരിക പാരമ്പര്യത്തെയും ഉള്‍കൊള്ളുന്ന ഈ സംഗമത്തില്‍ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങള്‍ക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും.

ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!