

കോഴിക്കോട്: പ്രവാചക നിന്ദക്ക് കൊടിപിടിക്കുകയും പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും അഗ്നിപഥ് എന്ന പദ്ധതി വഴി യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയും രാജ്യ സുരക്ഷക്ക് ഭീഷണി വരുത്തുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ നടത്തും. ഇന്ത്യയെ അപമാനിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ 21ന് മൂന്ന് മേഖലകളിലായിട്ടാണ് ധര്‍ണ്ണ സമരം സംഘടിപ്പിക്കുക.

കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും.
