
കൊച്ചി: എറണാകുളം ക്രിക്കറ്റ് ക്ലബ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 44-ാമത് തൃശൂര്‍ ടൈറ്റന്‍സ് എലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ക്രിക്കറ്റ് ക്ലബ് എറണാകുളം ജേതാക്കളായി. ഫൈനലില്‍ ലിറ്റില്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കിരീടം സ്വന്തമാക്കിയത്. വിജയികള്‍ക്ക് കെ എ ദാമോദര മേനോന്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിച്ചു.

തൊടുപുഴ കെ സി എ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ടോസ് നേടിയ ലിറ്റില്‍ മാസ്റ്റേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 44.3 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായി. ജെ അനന്തകൃഷ്ണന്‍ 76 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറുമടക്കം 82 റണ്‍സെടുത്തു. സിജോമോന്‍ ജോസഫ് 88 പന്തില്‍ 53 റണ്‍സും ആദിത്യ വിനോദ് 25 പന്തില്‍ 29 റണ്‍സും നേടി. എ കെ അര്‍ജുന്‍ 13 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സെടുത്തു. അതുല്‍ ഡയമണ്ട് സൗരിയും 26 റണ്‍സ് നേടി.

മുത്തൂറ്റ് മൈക്രോഫിനായി മോനു കൃഷ്ണ ഏഴ് ഓവറില്‍ 34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെറിന്‍ പി എസ് 7.3 ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുത്തൂറ്റ് മൈക്രോഫിന്‍ 45.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. ആനന്ദ് കൃഷ്ണ 86 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറുമടക്കം 88 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ആകാശ് സി പിള്ള 80 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 74 റണ്‍സെടുത്തു. സഞ്ജയ് രാജ് 23 പന്തില്‍ 30 റണ്‍സും നേടി.
ലിറ്റില്‍ മാസ്റ്റേഴ്സിനായി ആദിത്യ വിനോദ് എട്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഫൈനലിലെ മികച്ച പ്രകടനത്തിന് മുത്തൂറ്റ് മൈക്രോഫിന്‍ താരം മോനു കൃഷ്ണയെ പ്ലെയര്‍ ഓഫ് ദി ഫൈനലായി തെരഞ്ഞെടുത്തു. ജെ അനന്തകൃഷ്ണന്‍ (ലിറ്റില്‍ മാസ്റ്റേഴ്സ്) മികച്ച ബാറ്ററായും ഇബ്നുല്‍ അഫ്താബ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. ട്രൈഡന്റ് സി സിയുടെ നിഹിലേശ്വര്‍ വി എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും ജോളി റോവേഴ്സിന്റെ ശ്രീരാഗ് വി കെ മികച്ച ഓള്‍റൗണ്ടര്‍ പുരസ്‌കാരവും നേടി.
ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മധു കെ യു, സെക്രട്ടറി ബിജുമോന്‍ വി ആര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് വിജയികള്‍ക്കും വ്യക്തിഗത പുരസ്‌കാര ജേതാക്കള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

