നടക്കാവ് മോഡല്‍ കശ്മീരിലേക്കും: പൊതുവിദ്യഭ്യാസ പരിഷ്‌കരണവുമായി ഫൈസല്‍ ആന്റ് ശബാന ഫൗണ്ടേഷന്‍

Web Desk
2 Min Read

കോഴിക്കോട്: സമഗ്ര പൊതുവിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായ നടക്കാവ് സ്‌കൂള്‍ മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ച് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ കൊത്തിബാഗ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെഇഎഫ് ഹോള്‍ഡിങ്സ് ചെയര്‍മാനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകരായ ഫൈസല്‍ കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്ന് നിര്‍വഹിച്ചു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മുഖ്യാതിഥിയായി. സ്‌കൂളില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

city exchange

ചടങ്ങില്‍ ജമ്മു കശ്മീര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ എന്‍ ശര്‍മ, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. അമന്‍ പുരി, മുന്‍ ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് സുധീര്‍, ഷറഫ് ഗ്രൂപ്പിന്റേയും (യു എ ഇ) യു ഐ ബി സി- യു സിയുടേയും വൈസ് ചെയര്‍മാനായ മുന്‍ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ്, കശ്മീര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജി എന്‍ ഇട്ടൂ, യു എ ഇ- ഇന്ത്യ ബിസിനസ് കൗണ്‍സില്‍- യു എ ഇ ചാപ്പ്റ്ററിന്റെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ പദ്ധതി ജമ്മു കശ്മീരിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തിനും യുവജന ശാക്തീകരണത്തിനും സാമൂഹിക ഉള്‍പ്പെടുത്തലിനുമുള്ള ഒരു പുതു ചുവടുവെയ്പ്പാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷത്തില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ ബ്ലോക്കില്‍ ആധുനിക ക്ലാസ് മുറികള്‍, റോബോട്ടിക്‌സ്, എസ്റ്റിഇഎം ലബോറട്ടറികള്‍, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ നടക്കാവ് മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ഈ പദ്ധതി. കോഴിക്കോട് നടപ്പാക്കിയ നടക്കാവ് സ്‌കൂള്‍ പുനര്‍നിര്‍മാണ പദ്ധതി പ്രിസം- പ്രമോട്ടിങ് റീജനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍ ഇതിനകം തന്നെ കേരളത്തിലെ 977ത്തിലധികം സ്‌കൂളുകള്‍ക്ക് പ്രചോദനമാകുകയും സംസ്ഥാനതലത്തിലേക്ക് സര്‍ക്കാര്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. 120 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് നടക്കാവില്‍ ഇത്തരത്തില്‍ മാറ്റിയെടുത്തത്.

- Advertisement -
Ad image

ജമ്മു കശ്മീരിലെ പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകരായ ഫൈസല്‍ കൊട്ടിക്കോളനെയും ഷബാന ഫൈസലിനെയും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് ഇത് കാണിച്ചു തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൊത്തിബാഗിലെ പഠനാന്തരീക്ഷത്തെ മാറ്റിമറിച്ചതിനപ്പുറം വിദ്യാര്‍ഥികളിലും അധ്യാപകരിലും സമൂഹത്തിലും പുതിയൊരു പ്രതീക്ഷ നല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊതു വിദ്യാഭ്യാസ സങ്കല്‍പ്പത്തെ മാറ്റിയെഴുതുകയെന്ന തങ്ങളുടെ ദൗത്യത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് കെഇഎഫ് ഹോള്‍ഡിങ്സ് ചെയര്‍മാനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സഹസ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ഫൈസല്‍ കൊട്ടിക്കോളന്‍ 2023ല്‍ യു ഐ ബി സി- യു സി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ കൊത്തിബാഗ് സ്‌കൂളിന്റെ നവീകരണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സന്ദര്‍ശനത്തിലാണ് എമാര്‍ മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടീലും നടന്നത്.

Share This Article
Leave a Comment
error: Content is protected !!