

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ ക്വിസ്ക് (ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ക്ലബ്) കെ ജി തലം മുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘നജ്മ് 2025’ സര്‍ഗോത്സവത്തില്‍ ഹിലാല്‍ മേഖല ജേതാക്കളായി. അഞ്ച് മേഖലകളിലായി സംഘടിപ്പിച്ച ഫൈനല്‍ മത്സരങ്ങളില്‍ മദീന ഖലീഫ, അബൂ ഹമൂര്‍ മേഖലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിവിധ കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇരുനൂറിലധികം കുട്ടികള്‍ മാറ്റുരച്ചു. കിഡ്സ് കാറ്റഗറിയില്‍ യാര ഫാത്തിമ, സബ് ജൂനിയര്‍ കാറ്റഗറിയില്‍ അഫ്രീന, ജൂനിയര്‍ കാറ്റഗറിയില്‍ മറിയം മെഹ്റിന് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

ബിന്‍ മഹമൂദ് ഗ്രീന്‍വുഡ് സ്കൂളില്‍ നടന്ന മത്സരങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു.
കുരുന്നുകള്‍ മാറ്റുരച്ച സര്‍ഗമേളയില്‍ അറബിക്, ഡാന്‍സ്, ഒപ്പന, കഥ പറയല്‍, പ്രസംഗം തുടങ്ങി ഒട്ടേറെ പരിപാടികള്‍ അരങ്ങേറി.
റഷീദ് അലി, ശനീജ് എടത്തനാട്ടുകര, നൗഫല്‍ മാഹി, റഹീല, ഷംല നൗഫല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

