
ടെല്‍ അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതി കേസിലെ മൊഴിയെടുപ്പ് വീണ്ടും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ആറാഴ്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരായി മൊഴി നല്‍കാനിരിക്കെയാണ് വിചാരണ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മൊഴിയെടുപ്പ് മാറ്റിയത്.

പ്രധാനമന്ത്രിയുടെ അഭിഭാഷകന്‍ അമിത് ഹദാദ് കോടതിയോട് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ‘സുരക്ഷാ ഷെഡ്യൂള്‍’ കാരണം വിചാരണ മാറ്റിവെക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് സീല്‍ ചെയ്ത കവറില്‍ കോടതിക്കും പ്രോസിക്യൂഷനും കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്ന് പ്രതിഭാഗം അറിയിച്ചു. എന്നാല്‍ മൊഴിയെടുപ്പിന്റെ ദിവസം നെതന്യാഹു സുരക്ഷാ യോഗത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2020 മുതല്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസ് നിലനില്‍ക്കുന്നുണ്ട്. അധികാരത്തിലിരിക്കെ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. പലവട്ടം നീണ്ടുപോയ മൊഴിയെടുപ്പ് രാജ്യത്തെ ശ്രദ്ധേയമായ നിയമനാടകമായി മാറിയിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത കേസുകളാണ് വിചാരണയില്‍ ഉള്‍പ്പെടുന്നത്. ‘കേസ് 1000’ ല്‍ സമ്പന്നരായ വ്യവസായികളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചെന്നും പകരം അവര്‍ക്ക് അനുകൂല നടപടികള്‍ എടുത്തുവെന്നുമാണ് നെതന്യാഹുവിനെതിരായ ആരോപണം.
‘കേസ് 2000’ല്‍ ഒരു പ്രമുഖ പത്രാധിപരുമായി നടത്തിയ സംഭാഷണങ്ങളാണ് കേസിന് ആധാരമായത്. അനുകൂല വാര്‍ത്താ കവറേജിന് പകരം എതിര്‍ പത്രത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന ആരോപണത്തില്‍ തട്ടിപ്പ്, വിശ്വാസവഞ്ചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും ഗുരുതരമായ ‘കേസ് 4000’ അഥവാ ബെസെക്വാല്ലാ കേസില്‍, ടെലികോം കമ്പനിയുമായി ബന്ധപ്പെട്ട അനുകൂല തീരുമാനങ്ങള്‍ക്ക് പകരം അനുകൂല വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നാരോപിച്ച് കൈക്കൂലി ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ എല്ലാ കേസുകളിലും നെതന്യാഹു കുറ്റം നിഷേധിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ സൗഹൃദത്തിന്റെ ഭാഗമായിരുന്നുവെന്നും ആരോപിച്ച ഇടപാടുകള്‍ യാഥാര്‍ഥ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഓരോ തവണ കേസ് വരുമ്പോഴും സംഘര്‍ഷങ്ങളോ യുദ്ധങ്ങളോ സൃഷ്ടിച്ച് സുരക്ഷയുടെ പഴുതുണ്ടാക്കി നീട്ടുന്നതാണ് പതിവ്.

