ആലുവയ്ക്ക് പുതിയ മാര്‍ക്കറ്റ് സമുച്ചയം; 60 കോടി പദ്ധതിയില്‍ ആലുവ അങ്ങാടി

Web Desk
1 Min Read

ആലുവ: പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് മുനിസിപ്പാലിറ്റി തയ്യാറാക്കിയ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തി കേരള സര്‍ക്കാര്‍ അംഗീകരിച്ച രൂപരേഖ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഫിഷറീസ് ആന്റ് ആനിമല്‍ ഹസ്ബന്ററി വിഭാഗത്തിന്റെ അന്തിമ അംഗീകാരത്തിന് സമര്‍പ്പിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു.

city exchange

മാര്‍ക്കറ്റിന്റെ നിര്‍മ്മാണത്തിന് 50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന് കൈ മാറിയ ഡി പി ആര്‍ പ്രകാരമുള്ള മാര്‍ക്കറ്റ് സമുച്ചയത്തിന് ആവശ്യമായ 50 കോടിയില്‍ 60 ശതമാനമായ 30 കോടി പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയില്‍ നിന്നാണ് ലഭിക്കേണ്ടത്. ബാക്കിയുള്ള 40 ശതമാനമായ 20 കോടി രൂപ കേരള സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന 20 കോടിയില്‍ അഞ്ചു കോടി രൂപ ആലുവ മുനിസിപ്പാലിറ്റി കൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പുതുതായി നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, മെസാനിന്‍ ഫ്‌ളോര്‍, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി മുന്നൂറ്റി എട്ട്) നിര്‍മ്മാണം നടത്തുക. ഇതില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലേഡീസ്, ജെന്റ്‌സ്, ട്രാന്‍സ്‌ജെന്റേഴ്സ്, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ് ലെറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, പ്രായാധിക്യമുള്ളവര്‍ക്ക് തെന്നാത്ത ടൈലുകള്‍ പതിച്ച റാമ്പ് എന്നീ സംവിധാനവും മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉണ്ടായിരിക്കും.

- Advertisement -
Ad image

മല്‍സ്യ മാംസാദികള്‍ ശീതകരിച്ചുവയ്ക്കുന്നതിനും അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ് മെന്റ് പ്ലാന്റും പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ രൂപ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും നൂതനമായ എല്ലാ സംവിധാനങ്ങളോടും കൂടിയ മാര്‍ക്കറ്റ് സമുച്ചയമായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മിക്കുകയെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എയും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!