
ദോഹ: 2026-ലെ 19-ാം നമ്പര്‍ നിയമപ്രകാരം പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍, ലക്ഷ്യങ്ങള്‍, നിയമപരവും പ്രായോഗികവുമായ വശങ്ങള് എന്നിവ വിശദീകരിക്കുന്നതിനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്താസമ്മേളനം നടത്തി. നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള മാധ്യമ- ജനകീയ ബോധവത്കരണ പദ്ധതിയും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

റോഡ് ഗതാഗതം കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പുതിയ നിയമം നിര്‍ണായകമായ ചുവടുവെപ്പാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗതാഗത മേഖലയിലെ സാങ്കേതികവിദ്യകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കനുസൃതമായി വ്യക്തമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്.

പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്താഹ്, നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അബ്ദുല്ല അല്‍ ഹറമി, ട്രാഫിക് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാബര്‍ അലി അല്‍ കുബൈസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുതിയ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള മാധ്യമ- പൊതുജന ബോധവത്കരണ പ്രചാരണത്തിന്റെ തുടക്കമാണ് വാര്‍ത്താസമ്മേളനമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്താഹ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിയമത്തിലെ വ്യവസ്ഥകള്‍ ലളിതമായും വ്യക്തമായും പരിചയപ്പെടുത്തുന്നതിനായി സമഗ്രമായ പദ്ധതിക്ക് വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. നിയമപരമായ കൃത്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ഭാഷകളിലുള്ള വിവര- മാര്‍ഗനിര്‍ദേശ രേഖകള്‍, മുന്‍ നിയമങ്ങളുമായുള്ള താരതമ്യം, പതിവായി ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും, ഇന്‍ഫോഗ്രാഫിക്കുകള്‍, ഹ്രസ്വ വീഡിയോകള്‍ എന്നിവ പ്രചാരണ പദ്ധതിയുടെ ഭാഗമാണ്. ഇതോടൊപ്പം മാധ്യമ അഭിമുഖങ്ങളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
നിയമവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും പുതുക്കലുകളും ലഭ്യമാക്കുന്നതിനുള്ള ഏകീകൃത സ്രോതസ്സായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമ- ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെയും നിയമകാര്യ വകുപ്പിന്റെയും സഹകരണത്തോടെ പൊതുജനങ്ങളില്‍നിന്നുള്ള അന്വേഷണങ്ങളും ഓണ്‍ലൈന്‍ ചര്‍ച്ചകളും നിരീക്ഷിക്കും. ആവശ്യാനുസരണം ബോധവത്കരണ സാമഗ്രികള്‍ പുതുക്കുകയും തെറ്റായ വിവരങ്ങള്‍ തിരുത്തുകയും മാധ്യമങ്ങള്‍ക്ക് ആവശ്യമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
നിയമപരമായ വശങ്ങള് വിശദീകരിച്ച നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അബ്ദുല്ല അല്‍ ഹറമി, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള ഖത്തറിന്റെ കാഴ്ചപ്പാടിന്റെയും ഭരണനേതൃത്വത്തിന്റെ നിര്‍ദേശങ്ങളുടെയും പ്രതിഫലനമാണ് പുതിയ നിയമമെന്ന് വ്യക്തമാക്കി.
2024- 2030 മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ഭാഗമായി അഞ്ചാമത്തെ ലക്ഷ്യമായ ‘ഉയര്‍ന്ന ജീവിതനിലവാരം’ കൈവരിക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ സമൂഹം ഉറപ്പാക്കുന്നതിനും നിയമം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ നിയമനിര്‍മാണ രംഗത്തെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ട്രാഫിക് നിയമമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത ചട്ടങ്ങളും നടപടിക്രമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുക, നിയമപാലനവും നിരീക്ഷണവും ശക്തിപ്പെടുത്തുക, ഗതാഗത- യാത്രാ മേഖലകളിലെ ഭാവി മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ആധുനികവും വഴക്കമുള്ളതുമായ നിയമചട്ടക്കൂട് സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ വിശദമായി മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഖത്തറിലെ റോഡ് ശൃംഖലയിലും അടിസ്ഥാനസൗകര്യങ്ങളിലും ഉണ്ടായ വന്‍ വളര്‍ച്ചയും ഗതാഗത സംവിധാനങ്ങളിലെ വൈവിധ്യവും പരിഗണിച്ചാണ് പുതിയ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാബര്‍ അലി അല്‍ കുബൈസി പറഞ്ഞു.
റോഡ് ഉപയോഗിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങളും വ്യക്തികളുടെയും കമ്പനികളുടെയും ബാധ്യതകളും വ്യക്തമായി നിര്‍വചിക്കുന്ന സമഗ്രമായ ചട്ടക്കൂടാണ് നിയമം ഒരുക്കുന്നത്. ആധുനിക ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ 2024- 2030 തന്ത്രത്തിലെ ഗതാഗത സുരക്ഷാ ലക്ഷ്യങ്ങളുമായും ഖത്തര്‍ ദേശീയ ദര്‍ശനം 2030-മായും പുതിയ നിയമം ചേര്‍ന്നുനില്‍ക്കുന്നതാണ്. വികസനത്തിന്റെ കേന്ദ്രബിന്ദുവായി മനുഷ്യനെ കാണുന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് റോഡ് സുരക്ഷയ്ക്കും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും നിയമം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

