

ന്യൂഡല്‍ഹി: ഇസ്രായേലുമായുള്ള വന്‍ ആയുധ ഇടപാടിന്റെ ഭാഗമായാണ് ഇന്ത്യ 2017ല്‍ പെഗാസസ് ചാര ഉപകരണം വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ്. മിലിട്ടറി- ഗ്രേഡ് സോഫെറ്റ്‌വെയറായി തരംതിരിക്കപ്പെട്ടതും എന്‍ എസ് ഒ ഗ്രൂപ്പ് നിര്‍മിക്കുന്നതുമായ സ്‌പൈവെയറിലേക്കുള്ള ആക്‌സസ്, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും പാക്കേജിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്്.

എന്‍ എസ് ഒയുടെ പെഗാസസ് സ്പൈവെയറില്‍ നിന്ന് ഇസ്രായേല്‍ ലോകമെമ്പാടും നയതന്ത്ര നേട്ടങ്ങള്‍ കൊയ്തതെങ്ങനെയെന്ന് പരിശോധിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ യു എസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എങ്ങനെയാണ് പെഗാസസിന്റെ ഒരു പതിപ്പ് വാങ്ങിയതെന്നും വിശദമാക്കുന്നു. പോളണ്ട്, ഇന്ത്യ, ഹംഗറി എന്നിവിടങ്ങളില്‍ സോഫെറ്റ്‌വെയര്‍ വിറ്റഴിച്ചത് എങ്ങനെയെന്നുള്ള രഹസ്യങ്ങളിലേക്കും ഈ റിപ്പോര്‍ട്ട് പുതിയ വെളിച്ചം വീശുന്നുണ്ട്.

ഇസ്രായേലിന്റെ സ്വാധീനത്തിനായുള്ള തിരയലും ലാഭത്തിനായുള്ള എന്‍ എസ് ഒയുടെ നീക്കങ്ങളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ശക്തമായ ചാരവൃത്തി ഉപകരണം ലോകമെമ്പാടുമുള്ള ഒരു പുതിയ തലമുറ ദേശീയ നേതാക്കളുടെ കൈകളിലേക്ക് എത്തുന്നതിലേക്കാണ് നയിച്ചത്. ശക്തമായ സ്പൈവെയറുകള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തിയിലൂടെ എതിരാളികളെ അടിച്ചമര്‍ത്തുന്നത് തടയാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടം ഉണ്ടെങ്കിലും രാജ്യങ്ങളുടെ മനുഷ്യാവകാശത്തെക്കുറിച്ചുള്ള സംശയാസ്പദമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും പോളണ്ടിനും ഹംഗറിക്കും ഇന്ത്യയ്ക്കും പെഗാസസ് വിറ്റുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, പെഗാസസിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം 2017-ല്‍ രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ പാക്കേജിലൂടെയാണെന്നും ഇടപാടിന്റെ ‘കേന്ദ്രഭാഗങ്ങള്‍’ ‘പെഗാസസും ഒരു മിസൈല്‍ സംവിധാനവും ചേര്‍ന്നതാണെന്നും സ്റ്റോറി അവകാശപ്പെടുന്നു.
ഹിന്ദു ദേശീയതയുടെ സമാഹരണത്തിലൂടെ അധികാരം നേടിയ നരേന്ദ്ര മോദി 2017 ജൂലൈയില്‍ ആണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാധ്യമ തലക്കെട്ടുകളില്‍ നിറയുകയും ചെയ്തു. ഒരു പ്രാദേശിക ബീച്ചില്‍ ഇരുവരും നഗ്നപാദരായി ഒരുമിച്ച് നടക്കുന്ന ചിത്രങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നതായി റിപ്പോര്‍ട്ട് കുറിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം നെതന്യാഹുവും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി.
ഇടപാടിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളോ ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി ഏത് സര്‍ക്കാര്‍ വകുപ്പോ ഏജന്‍സിയോ ആണ് ഇത് വാങ്ങിയത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും റിപ്പോര്‍ട്ട് നല്‍കുന്നില്ല. എന്നാല്‍ 2017 ഏപ്രിലില്‍, ഇന്ത്യന്‍ സൈന്യത്തിന് വ്യോമ പ്രതിരോധ മിസൈലുകള്‍ വിതരണം ചെയ്യുന്നതിനായി ന്യൂഡല്‍ഹി ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 12,880 കോടി രൂപ) കരാര്‍ ഒപ്പിട്ടതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
2021 ജൂലൈയില്‍, ദി വയര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ ഒരു കണ്‍സോര്‍ഷ്യം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ഫോറന്‍സിക് വിശകലനത്തിലൂടെ പെഗാസസ് വഴിയുള്ള ചാരപ്രവൃത്തി നടന്നതിന്റെ 10ലധികം കേസുകള്‍ കണ്ടെത്തി.
2019ല്‍, സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് അതിന്റെ സോഫെറ്റ്‌വെയറിന്റെ നിയമവിരുദ്ധമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചതിന് എന്‍ എസ് ഒ ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു. ആ സമയത്ത്, നിരവധി ഇന്ത്യന്‍ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളില്‍ പെഗാസസ് ടാര്‍ഗെറ്റു ചെയ്യുന്നതായി കണ്ടെത്തിയതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിക്കുകയുണ്ടായി.
പെഗാസസ് വാങ്ങിയതാണോ അതോ ചാരപ്രവൃത്തിക്കായി ഉപയോഗിച്ചതാണോ എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. 2021 ഓഗസ്റ്റില്‍, പ്രതിരോധ മന്ത്രാലയം എന്‍ എസ് ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് വ്യക്തമായി പ്രസ്താവിച്ചു, ഇത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഏജന്‍സി ഒരു ഉപഭോക്താവാണോ എന്ന ഊഹാപോഹത്തിലേക്കാണ് നയിച്ചത്.

