

ഗാസ: വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെയ്ത്ത് ലാഹിയയില്‍ സാധാരണ ജനങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ രണ്ട് തവണ ഇസ്രായേലി ഡ്രോണ്‍ ലക്ഷ്യം വെക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ പ്രദേശത്തെ പരിപാടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് നാല് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്ക് മാറ്റി.
ഗാസ സിറ്റിയില്‍ നേരത്തെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ് മരിച്ച അലാ ഹാഷിമിന്റെ മരണവും വെള്ളിയാഴ്ച ഫലസ്തീന് ജേണലിസ്റ്റ് ഫോറം പ്രഖ്യാപിച്ചു. 2023 ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ട ഫലസ്തീന് പത്രപ്രവര്‍ത്തകരുടെ എണ്ണം 206 ആയി ഉയര്‍ത്തി.
മാധ്യമ പ്രവര്‍ത്തകരെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെയും അവരെ സംരക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര പരാജയത്തെയും സംഘടന അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരെ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വെടി നിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനുശേഷം ആരംഭിക്കാനിരുന്ന കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതില്‍ ഇസ്രായേല്‍ കാലതാമസം വരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കൂട്ടക്കൊല തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ ഭാഗമാണ്.
ഇസ്രായേല്‍ മിക്കവാറും എല്ലാ ദിവസവും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുന്നതായി ഗാസ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

