
ദോഹ: പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോര്‍ക്കാ റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 18ന് നിലവിലെ എന്റോള്‍മെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇപ്പോള്‍ അംഗത്വമെടുക്കാന്‍ കഴിയാത്തവര്‍ക്കും അവസരം ലഭിക്കണം. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് എന്റോള്‍മെന്റ് കാലാവധി നീട്ടാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും അടുത്ത പുതുക്കല്‍ സമയത്തും പുതിയ അംഗങ്ങളെ ചേര്‍ക്കാനും പ്രീമിയം/ സ്ലാബില്‍ മാറ്റം വരുത്താനും അവസരം നല്‍കണമെന്നും പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ആവശ്യപ്പെട്ടു.
