

ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഖത്തര്‍ 2023- 2025 കാലയളവിലേക്കുള്ള അംഗത്വ കാര്‍ഡുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. കെ പി സി സിയും ഒ ഐ സി സിയും ആഹ്വാനം ചെയ്ത ഗ്ലോബല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്.

600 രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. അപേക്ഷ ഫോറവും ഫീസും കെ പി സി സിയിലുള്ള ഒ ഐ സി സി ഓഫീസില്‍ സ്വീകരിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെയും ഒ ഐ സി സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയുടെയും ഒപ്പോടുകൂടിയ മെമ്പര്‍ഷിപ്പ് കാര്‍ഡാണ് ഇഷ്യു ചെയ്തിരിക്കുന്നത്.

14 ജില്ലകളില്‍ നിന്നുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പിനായി അപേക്ഷ നല്‍കിയതായും ഇവരുടെ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ജില്ലാ പ്രസിഡണ്ടുമാര്‍ ഏറ്റുവാങ്ങിയതായും ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല അറിയിച്ചു.
കൂടുതല്‍ പേര്‍ മെമ്പര്‍ഷിപ്പിനായി ആഗ്രഹം അറിയിച്ചതിനാല്‍ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തിയ്യതി 2024 ജനുവരി 31 വരെ നീട്ടണമെന്ന് കെ പി സി സിയോട് ആവശ്യപ്പെട്ടതായി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഖത്തറിലെ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഖത്തര്‍ സന്ദര്‍ശനം ആഗ്രഹിക്കുന്നതിനാല്‍ മെമ്പര്‍ഷിപ്പ് എടുത്തവരുടെ ഒപ്പോടുകൂടിയ നിവേദനം എ ഐ സി സി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ഉടന്‍ കൈമാറുമെന്ന് വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം പൂര്‍ത്തിയായ ശേഷം ജനാധിപത്യ രീതിയില്‍ 2024- 2025ലേക്കുളള പുതിയ നാഷണല്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒ ഐ സി സിയോടും കെ പി സി സിയോടും ആവശ്യപ്പെടണപ്പെടണമെന്ന ഖത്തര്‍ നാഷണല്‍ കമ്മിറ്റി തീരുമാനം ഒ ഐ സി സിയെ അറിയിക്കുമെന്ന് സമീര്‍ ഏറാമല കൂട്ടിച്ചേര്‍ത്തു.
മെമ്പര്‍ഷിപ്പ് വന്‍ വിജയമാക്കിയ എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നന്ദി അറിയിക്കുന്നതായി മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റ് ചെയ്ത ജനറല്‍ സെക്രട്ടറി സിറാജ് പാലൂര്‍ പറഞ്ഞു.

