
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, നടുമുറ്റം വിമന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ധേയമായി. ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് എസ്ദാന്‍ മാള്‍ വുകൈര്‍ സ്റ്റോറില്‍ നടന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവിധ അസോസിയേഷനുകളുടെ ടീമംഗങ്ങള്‍ പങ്കെടുത്തു.

”സാഹോദര്യം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തില്‍ വൈവിധ്യമാര്‍ന്ന സൃഷ്ടികളുമായി മത്സരാര്‍ഥികള്‍ രംഗത്തെത്തി. ഒന്നാം സ്ഥാനക്കാര്‍ക്ക് 1500 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം 1000 റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം 500 റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും ആയിരുന്നു സമ്മാനം. മാമോക് അലുംനി ഖത്തര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ടീം അഗ്മയും ടീം മുശീയരിബും സ്വന്തമാക്കി.

വിജയികളായ മത്സരാര്‍ഥികള്‍ക്ക് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തില്‍ ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ്‌സ് എന്നിവ വിതരണം ചെയ്തു. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, മാള്‍ മാനേജര്‍മാരായ കാര്‍ത്തിക്, രാധാകൃഷ്ണന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും സന്തോഷവും സൗഹൃദവും പകരുന്ന ഇത്തരം സാംസ്‌കാരിക പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

