
ദോഹ: ഖത്തറിലേക്ക് എത്തുന്നവര്‍ക്കും ഖത്തറില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുമായി നിയന്ത്രിത മരുന്നുകള്‍ വ്യക്തിഗത ഉപയോഗത്തിനായി കൈവശം വയ്ക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് സംവിധാനം പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും അനുമതിപത്രം ഇലക്ട്രോണിക് രൂപത്തില്‍ സ്വീകരിക്കാനും കഴിയും.

നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുകയും ഉപയോക്തൃ സൗഹൃദ സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ നിയന്ത്രണത്തിലെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കാനും നിയന്ത്രിത മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.
ഇലക്ട്രോണിക് സംവിധാനത്തിന്റെ ഉപയോഗരീതി, സേവനങ്ങള്‍, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍, അപേക്ഷാ നടപടിക്രമങ്ങള്‍, നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശ പുസ്തകവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. യാത്രാ തf/d/തിക്ക് കുറഞ്ഞത് അഞ്ച് പ്രവൃത്തി ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കാന്‍ യാത്രക്കാരോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഖത്തറിലേക്ക് എത്തുന്നവര്‍ക്കും ഖത്തറില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കും യാത്രയ്ക്ക് മുമ്പ് വ്യക്തിഗത ആവശ്യത്തിനുള്ള നിയന്ത്രിത മരുന്നുകള്‍ നിയമപരമായും ആരോഗ്യപരമായും കൈവശം വയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സുതാര്യവും സൗകര്യപ്രദവുമായ സംവിധാനമാണ് പുതിയ പോര്‍ട്ടല്‍. ഇതിലൂടെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഔഷധ നിയന്ത്രണവും കൂടുതല്‍ ശക്തിപ്പെടും.
ആരോഗ്യ സേവനങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലൂടെ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ ലഭ്യമാക്കുക എന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ദേശീയ ആരോഗ്യ തന്ത്രത്തിലെ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യ സംവിധാനവും ‘അതീവ കാര്യക്ഷമമായ ഡിജിറ്റല്‍ ആരോഗ്യ സംവിധാനം’ എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിലൂടെ ശക്തിപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രിത മരുന്നുകള്‍ക്കായുള്ള യാത്രാ അനുമതി ലഭിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിലോ പ്രവേശിച്ച് ദേശീയ ഓതന്റിക്കേഷന്‍ സംവിധാനത്തിലൂടെ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. സാധുവായ ഡോക്ടറുടെ കുറിപ്പടിയുള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അപേക്ഷ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് അനുമതിപത്രം അനുവദിക്കും.

