

ദോഹ: ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ച ഉണ്ടായ നെറ്റ്വര്‍ക്ക് തകരാര്‍ പ്രധാന ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാലാണെന്ന് ഉരീദു അറിയിച്ചു. അഷ്ഗാലിന്റെ കരാറുകാരിലൊരാള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്നാണ് കേടുപാടുകളുണ്ടായതെന്ന് വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന ഉരീദു പുറത്തിറക്കി.

തങ്ങളുടെ ടെക്നിക്കല്‍ ടീമിന് ഉടനടി പ്രതികരിക്കാനും സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും കഴിഞ്ഞുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നെറ്റ്വര്‍ക്ക് സൗകര്യങ്ങള്‍ സുരക്ഷിതമായി തുടരാനും ഉരീദു കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുമായും അഷ്ഗാലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. തടസ്സമുണ്ടായതില്‍ കമ്പനി ക്ഷമ ചോദിക്കുകയും തങ്ങളെ മനസ്സിലാക്കിയതിന് ഉപഭോക്താക്കളോട് നന്ദി അറിയിക്കുകയും ചെയ്തു.

ഉരീദു ഉപയോക്താക്കള്‍ വെള്ളിയാഴ്ച രാത്രി വൈകി നെറ്റ്വര്‍ക്കിലെ വിവിധ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ രാത്രി തന്നെ കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇക്കാര്യം സമ്മതിച്ചു, പ്രശ്നം പരിഹരിക്കാനും സേവനങ്ങള്‍ എത്രയും വേഗം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാനും കഠിനമായി പരിശ്രമിക്കുകയാണെന്ന് സൂചിപ്പിച്ചു.
