

അജ്മാന്‍: ലൈസന്‍സില്ലാത്ത സ്‌കൂള്‍ നടത്തിയ വ്യക്തിയെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി നടത്തിയ സ്ഥാപനം ഫീസിനത്തില്‍ വന്‍തുക രക്ഷിതാക്കളില്‍നിന്ന് ഈടാക്കിയതായി പൊലീസ് കണ്ടെത്തി.

അനധികൃത സ്‌കൂള്‍ നടത്തിയ കുറ്റത്തിന് 40കാരനായ അറബ് പൗരനാണ് പൊലീസ് പിടിയിലായത്. ഈ വിഷയത്തില്‍ നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ചതായി അജ്മാനിലെ അല്‍ജാര്‍ഫ് കോംപ്രിഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവി മേജര്‍ മുഹമ്മദ് അല്‍ ഷാലി പറഞ്ഞു.

അധ്യയന വര്‍ഷം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ അടച്ച് ഉത്തരവാദിത്തപ്പെട്ട ഡയറക്ടറും അതില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും അപ്രത്യക്ഷരാവുകയായിരുന്നു. സ്‌കൂള്‍ നടത്താന്‍ ആവശ്യമായ അംഗീകാരം ഇല്ലാത്തത് മറച്ചുവെച്ച് രക്ഷിതാക്കളില്‍നിന്ന് ഇദ്ദേഹം ട്യൂഷന്‍ ഫീസ് വാങ്ങിക്കുകയായിരുന്നു. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഔദ്യോഗികമായി സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലും വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. രക്ഷിതാക്കളില്‍നിന്ന് പരമാവധി തുക കൈപ്പറ്റാന്‍ ആകര്‍ഷകമായ ഓഫറുകളും ഇദ്ദേഹം നല്‍കി. പണം നല്‍കിയവര്‍ക്ക് രസീതുകളും നല്‍കിയിരുന്നു. സ്‌കൂള്‍ തുറക്കാത്ത അവസ്ഥ വന്നപ്പോള്‍ രക്ഷിതാക്കള്‍ കൂട്ടത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
1500ലധികം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് പണം പിരിച്ചതായി പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കുട്ടികളുടെ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായി അന്വേഷിക്കാനും സ്‌കൂള്‍ ലൈസന്‍സുകളും അവയുടെ സാധുതയും ഉറപ്പാക്കാനും മേജര്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ ഷാലി രക്ഷിതാക്കളോട് നിര്‍ദേശിച്ചു.

