

മനാമ: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഡിസംബര്‍ 19 മുതല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് ബഹറൈന്‍. നിലവിലെ സാഹചര്യത്തില്‍ 2022 ജനുവരി 31 വരെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ബഹ്റൈന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കോവിഡ് പ്രതിരോധ ചുമതലയുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

കോവിഡ് പോസിറ്റീവായി തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ ശരാശരി ഏഴ് ദിവസത്തേക്ക് 51നും 100നും ഇടയിലാകുമ്പോഴാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുക.
ജനങ്ങള്‍ വളരെ വേഗത്തില്‍ കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കണമെന്നും ടാസ്‌ക് ഫോഴ്സ് അറിയിച്ചു.
യെല്ലോ അലേര്‍ട്ട് നിലവില്‍ വന്നുകഴിഞ്ഞാല്‍ വാക്സിനെടുത്ത ‘ഗ്രീന്‍ ഷീല്‍ഡ്’ ആളുകള്‍ക്ക് മാത്രമാണ് ഷോപ്പിങ് മാള്‍, റസ്റ്ററന്റ്, കഫേ, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ പൊതുഇടങ്ങളില്‍ പ്രവേശനമുണ്ടാവുക. അതോടൊപ്പം ഇന്‍ഡോര്‍ ജിം, സ്പോര്‍ട്സ് ഹാള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കിലും മുഴുവന്‍ വാക്സിന്‍ ഡോസുകളും എടുത്തിരിക്കണം.
എന്നാല്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിനെടുത്തവര്‍ക്ക് ഗ്രീന്‍ അലേര്‍ട്ട് സമയത്തെ അതേ രീതികള്‍ യെല്ലോ അലേര്‍ട്ടിലും പിന്തുടരമാമെന്ന് ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

