
ലണ്ടന്‍: ഖത്തറും യുണൈറ്റഡ് കിംഗ്ഡവും (യു കെ) തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ നീട്ടി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസന്‍ അല്‍ താനിയും യു കെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും തമ്മില്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കരാര്‍ നീട്ടുന്നതിനുള്ള ധാരണയില്‍ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര താത്പര്യമുള്ള വിഷയങ്ങളും പ്രതിരോധ മേഖലയില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യു കെ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറിന്റെ കാലാവധി നീട്ടുന്നതിനുള്ള രേഖയില്‍ ഖത്തറിന്റെ ഭാഗത്തുനിന്ന് ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയും യു കെയുടെ ഭാഗത്തുനിന്ന് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ഒപ്പുവെച്ചു.
യു കെയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ താനി ഉള്‍പ്പെടെ ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

