
റിയാദ്: പ്രതിരോധ കരാറിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും മറ്റ് സൈനിക സേവനങ്ങളും പാകിസ്ഥാനില്‍ നിന്നും സൗദി അറേബ്യയിലേക്ക് അയച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിയതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റിയാദും ഇസ്ലാമാബാദും 2025 സെപ്റ്റംബറില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമെതിരായ ഏതൊരു ആക്രമണത്തെയും ഇരുവിഭാഗത്തിനും എതിരായ ആക്രമണമായി കണക്കാക്കുമെന്നത് കരാറിന്റെ ഭാഗമാണ്.

സംയുക്ത പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുമാണ് പാകിസ്ഥാന്‍ വിന്യാസം ലക്ഷ്യമിടുന്നത്.
ഇറാനിയന്‍ ആക്രമണം പ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുകയും ഒരു സൗദി പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് വിമാനങ്ങള്‍ അയച്ചതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പരിശീലനവും ഉപദേശക വിന്യാസവും ഉള്‍പ്പെടെ പാകിസ്ഥാന്‍ വളരെക്കാലമായി സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നുണ്ട്. പാകിസ്ഥാനെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ സൗദി അറേബ്യയും രംഗത്തുണ്ട്.

