ടോക്യോവില്‍ ഇനി പാരാലിമ്പിക്‌സ് മത്സരങ്ങള്‍ അരങ്ങേറും

Web Desk
1 Min Read

ടോക്ക്യോ: കൊവിഡിനിടയിലും ഒളിമ്പിക്‌സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തില്‍ ടോക്യോ വീണ്ടുമൊരു ഒളിമ്പിക്‌സിന് ഒരുങ്ങി. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിനാണ് ഇന്ന് തിരിതെളിയുക. 54 കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കും. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആര്‍ച്ചറി, അത്‌ലറ്റിക്സ് , ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സിദ്ധാര്‍ഥ ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കും.
2016ല്‍ റിയോയില്‍ നടന്ന പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. പാരാലിമ്പിക്സിലെ എറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇക്കുറി ടോക്യോയില്‍ എത്തുന്നത്. കഴിഞ്ഞ തവണ റിയോയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. അന്ന് 19 പേരാണ് രാജ്യത്തിനായി മത്സരങ്ങള്‍ക്ക് ഇറങ്ങിയത്.
ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ടാണ് വര്‍ണപ്പകിട്ടാര്‍ന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും. 167 രാജ്യങ്ങളിലെ 4400 കായികതാരങ്ങള്‍ അണിനിരക്കും. 22 ഇനങ്ങളില്‍ 540 മത്സരങ്ങളുണ്ടാകും. ആറംഗ അഭയാര്‍ഥി ടീമിനെ ആദ്യമായി അലിയ ഇസ്സ എന്ന വനിത നയിക്കും. ജപ്പാനില്‍ പ്രതിദിന കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സെപ്തംബര്‍ അഞ്ച് വരെയാണ് ഒളിമ്പിക്‌സ് വേദിയില്‍ പാരാലിമ്പിക്സ് അരങ്ങേറുക.

city exchange
Share This Article
Leave a Comment
error: Content is protected !!