Community
30 റിയാലിന് പാസ്; ഒരാഴ്ച പരിധിയില്ലാത്ത യാത്ര: റമദാന്‍ പ്രതിവാര പാസുമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും
ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതിയ റമദാന്‍ പ്രതിവാര പാസ് പ്രഖ്യാപിച്ചു. മുപ്പത് റിയാലിന് പരിധിയില്ലാത്ത യാത്രകളാണ് റമദാന്‍ പാസ് വാഗ്ദാനം ചെയ്യുന്നത്.
പുതുതായി പുറത്തിറക്കിയ പാസ് ഏപ്രില്‍ 11 വരെ ലഭ്യമായിരിക്കും. ദോഹ മെട്രോ, ലുസൈല്‍ ട്രാമിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ റമദാന്‍ കാലത്തെ പരിപാടികള്‍ കാണാനും അറിയാനും പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ക്ഷണിച്ചു.
നൈറ്റ് ബസാറുകള്‍ മുതല്‍ ഇസ്‌ലാമിക ആധ്യാപനങ്ങളും കായിക പ്രവര്‍ത്തനങ്ങളും വരെ കാണാനും അറിയാനും വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പാസ് ഉപയോഗപ്പെടും. റമദാന്‍ വീക്ക്ലി പാസിലൂടെ 30 റിയാല്‍ നിരക്കില്‍ ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത യാത്രയാണ് ആസ്വദിക്കാനാവുക. എല്ലാ സ്റ്റേഷനുകളിലെയും ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് ഏപ്രില്‍ 11 വരെ കാര്‍ഡുകള്‍ വാങ്ങാാവുമെന്നും അറിയിപ്പില്‍ പറയുന്നു.
റമദാനില്‍ മെട്രോ, ട്രാം സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ആറിന് സര്‍വീസ് ആരംഭിച്ച് പുലര്‍ച്ചെ ഒരു മണി വരെ തുടരും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.