

ദോഹ: തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന് ആവശ്യമായ പരിഗണനയും സീറ്റും നല്‍കുന്നില്ലെന്ന പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പല ഘടകങ്ങള്‍ നോക്കിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെയോ സി പി എമ്മിനെയോ പോലെ നൂറു സീറ്റുകളിലൊന്നും മത്സരിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ഇരുപതോ ഇരുപത്തിയഞ്ചോ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പരിഗണിക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നരെയാണ് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നതെന്ന വാദത്തേയും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സമ്പന്നനായതുകൊണ്ടു മാത്രം ഒരാളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. എങ്കിലും പാര്‍ട്ടിയുടെ പ്രതിനിധികളെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന കാര്യം സാമ്പത്തികമായി വലിയ നിലയിലുള്ളവര്‍ വളരെ ചുരുക്കമാണെന്നും സമ്പന്നത എന്നതല്ല അനുഭവ സമ്പന്നതയാണ് ലീഗ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ എം എല്‍ എമാരില്‍ ഭൂരിപക്ഷം പേരും സാമ്പത്തികമായി വലിയ ഉന്നതിയിലുള്ളവരല്ലെന്നും നിരീക്ഷിച്ചാല്‍ അത് തിരിച്ചറിയാനാവുമെന്നും ശരീഫ് കുറ്റൂര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി അടുക്കാന്‍ ശ്രമിക്കുമ്പോള്‍ യൂത്ത് ലീഗ് അവരെ അടുപ്പിക്കാതെ മാതൃപാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കുകയാണോ എന്ന ചോദ്യത്തിന് മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി അടുക്കുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും ഈ കാലഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട കാര്യങ്ങളില്‍ കൂടെ നില്‍ക്കുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ സഹായം ഏത് സമയത്തും സ്വീകരിച്ചത് ഇടതുമുന്നണിയാണ്. അതില്‍ യാതൊരു സംശയവുമില്ല. മികച്ച ഭൗതിക സൗകര്യം കയ്യിലുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. പത്രവും ചാനലുമൊക്കെ കയ്യിലുള്ള അവര്‍ മുസ്ലിം ലീഗിനെതിരെയാണ് എഴുതാറുള്ളത്. മുസ്ലിം സമുദായത്തിലെ ഭിന്നിപ്പു വരെ അവരുടെ ചാനലും പത്രവും ആഘോഷിക്കുന്നതാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഒരവസരം വന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ സി പി എം വര്‍ഗ്ഗീയത പറഞ്ഞ് മാറ്റി നിര്‍ത്തുകയായിരുന്നു. അങ്ങനെ മാറ്റി നിര്‍ത്തിയപ്പോള്‍ തെറിച്ചു നില്‍ക്കേണ്ടി വന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
യൂത്ത് ലീഗ് നടത്തിയ യൂത്ത് മാര്‍ച്ചില്‍ മലപ്പുറം ജില്ലയില്‍ യുവാക്കളുടെ വലിയ മുന്നേറ്റമാണ് കണ്ടതെന്നും ശരീഫ് കുറ്റൂര്‍ പറഞ്ഞു. പ്രത്യേകിച്ച് മാര്‍ച്ച് നടത്തിയ സമയം കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും രണ്ടായിരത്തോളം യുവാക്കളാണ് 25 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു പകല്‍ മുഴുവനും നടന്നത്. അതിനര്‍ഥം അവരെല്ലാം പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്.
പൊതുസമൂഹത്തിന്റെ പിന്തുണയും വലുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍, മുജാഹിദ് സംഘടനാ നേതാക്കള്‍ എന്നിവരെയെല്ലാം യൂത്ത് മാര്‍ച്ചിനു മുമ്പ് സന്ദര്‍ശിച്ചിരുന്നതായും എന്നാല്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളെ കാണാന്‍ ശ്രമിച്ചില്ലെന്നും ശരീഫ് കുറ്റൂര്‍ പറഞ്ഞു.

