ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണം: ഇന്‍കാസ് ഖത്തര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ പിതൃ അമീറും രാഷ്ട്രത്തിന്റെ നവോഥാനത്തിന് അടിത്തറ പാകിയ മഹാനായ ഭരണാധികാരിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ അതിയായ ദുഃഖവും അഗാധമായ അനുശോചനവും രേഖപ്പെടുത്തി.

city exchange

ആധുനിക ഖത്തറിന്റെ ശില്‍പ്പികളില്‍ പ്രമുഖനായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ദീര്‍ഘദര്‍ശിത്വവും ഭരണമികവും ഖത്തറിനെ ലോകത്തിന്റെ മുന്‍നിര വികസിത രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചക്കായി തന്റെ നല്ല സമയത്ത് തന്നെ മകന് അധികാരം കൈമാറി ലോക ഭരണാധികാരികള്‍ക്കിടയില്‍ മാതൃക സൃഷ്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. അതിന്റെ ആദരസൂചകമായിട്ട് തന്നെയാണ് ഇന്നും ഖത്തറിലെ സര്‍ക്കാര്‍- സര്‍ക്കാറിതര മുഴുവന്‍ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെയും അദ്ദേഹം ഭരണം കൈമാറിയ ധീരനായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടേയും ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് വെക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പുരോഗതി, കായികരംഗം, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങള്‍ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്നതാണ്.

ഖത്തറിന്റെ പുരോഗതിക്കൊപ്പം ഇവിടെ ജീവിക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്കു, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിനും സുരക്ഷിതവും അഭിമാനകരവുമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന്റെ കരുതല്‍ വിലമതിക്കാനാവാത്തതാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സുപ്രധാന പങ്കുണ്ട്.

- Advertisement -
Ad image

ഈ ദുഃഖസമയത്ത് ഖത്തറിന്റെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, അല്‍ താനി രാജകുടുംബം, ഖത്തര്‍ സര്‍ക്കാര്‍, ഖത്തര്‍ ജനത എന്നിവര്‍ക്ക് ഇന്‍കാസ് ഖത്തറിന്റെ പേരിലും വ്യക്തിപരമായും ഹൃദയംഗമമായ അനുശോചനങ്ങള്‍ അറിയിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങള്‍ എന്നും നാടും ലോകരാജ്യങ്ങളും സ്മരിക്കുമെന്നും പരേതന്റെ ആത്മാവിന് സര്‍വശക്തനായ ദൈവം കരുണയും സമാധാനവും നല്‍കട്ടെയെന്നും കുടുംബാംഗങ്ങള്‍ക്കും ഖത്തര്‍ ജനതയ്ക്കും ഈ ദുഃഖം താങ്ങാനുള്ള ശക്തി പ്രദാനം ചെയ്യട്ടെയെന്നും പ്രാര്‍ഥിക്കുന്നതായും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!