എഴുത്തുമുറി
കവിത- ചെറുതുകള്‍

തീരെ ചെറുതെന്നു തോന്നുന്ന
വലിയ കാര്യങ്ങളെ കുറിച്ചാണ്


ഉദാഹരണത്തിന്
ഒരു ദിവസം മാത്രം
ജീവനുള്ള പൂവായിരിക്കും
ഒരു മനുഷ്യായുസ്സിന് കൂട്ടുപോവുക

ദിവസങ്ങളോളം നെറ്റിയില്‍
പറ്റിപ്പിടിച്ചിരിക്കുന്നൊരു
കുഞ്ഞു പൊട്ട്
നീയൊരു പൊട്ടുപോലുണ്ടല്ലോന്ന്
നിരന്തരം ഓര്‍മ്മിപ്പിക്കും..


കാലം കുഴിച്ചിട്ട ആദ്യത്തെ വാച്ച്
ഇടയ്ക്കിടെ ചെവിക്കു പിടിക്കും
സമയബോധത്തിന്റെ കീ തന്ന്
നഷ്ടങ്ങളെ മായ്ച്ചു കളയും..
ആദ്യമായി കിട്ടിയ
നീല മഷിക്കൊതിയന്‍
ഹീറോ പേന
ആരും കാണാതെ
നമ്മെ വരയ്ക്കും
കവിളില്‍ കുത്തിട്ട് ഓമനിക്കും
ആദ്യപ്രണയമറിഞ്ഞുതന്ന
ചുംബനം
ആല്‍മരം പോലെ
വേരുപിടിക്കും
ഏറെ തിരഞ്ഞൊടുവില്‍ കിട്ടുന്ന നാണയത്തുട്ടുകള്‍
അമ്മയുടെ കടുക് പാത്രത്തിന്റെ
മണം പരത്തും
കണ്ണുനിറഞ്ഞു കവിഞ്ഞു
വെടിപ്പാക്കും
ഇങ്ങനെ..
തീരെ ചെറുതെന്നു തോന്നുന്ന
എത്ര വലുതുകളാണ്
നിത്യവും നമ്മെ
ചേര്‍ത്തുപിടിക്കുന്നത് !


