Community
ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി; കർമ്മ പഥങ്ങളെ ക്രിയാത്മകമാക്കിയ നന്മ മരം
സ്വപ്നലോകത്ത് അല്ല നാം ജീവിക്കേണ്ടത് എന്ന യാഥാർഥ്യങ്ങൾ മനസ്സിലാക്കി പൊരുതുമ്പോൾ മാത്രമേ ജീവിതം വിജയം കൈവരിക്കാനാവൂ എന്ന് സ്വന്തം പ്രയത്നത്തിലൂടെ തെളിയിച്ച സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമാണ് ഖത്തറിൽ അന്തരിച്ച ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി എന്ന സാലീച്ച.പ്രവാസ ജീവിതം ആരംഭിച്ച് 52 വർഷം പൂർത്തിയാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. ഖത്തർ എന്ന കൊച്ചു രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തെയും വികസന കുതിപ്പിനെയും ഇമവെട്ടാതെനോക്കി നിന്ന ബേക്കൽ ആദ്യമായി ഗൾഫ് യാത്ര ആരംഭിക്കുന്നത് 1971-ലാണ്. യാത്രാസൗകര്യം ഇല്ലാത്ത കാലത്ത് 18ാം വയസ്സിൽ പാസ്പോർട്ടോ വിസയോ ഇല്ലാതെ രണ്ടും കൽപിച്ചു ലോഞ്ചിൽ ദുബൈ തീരത്തണഞ്ഞ കാര്യം നെഞ്ചിടിപ്പോടെയായിരുന്നു ചിലപ്പോൾ അദ്ദേഹം ഓർമ്മപ്പെടുത്തിയത്.
1952ൽ കാസർക്കോട് ജില്ലയിലെ ബേക്കൽ എന്ന കൊച്ചുഗ്രാമത്തിൽ അബ്ദുറഹിമാൻ- കുഞ്ഞാമിന ദമ്പതികളുടെ എട്ടു മക്കളിൽ മൂത്ത മകനായി പിറന്ന സാലിഹ് ബേക്കലിനായിരുന്നു കുടുംബ ഭാരം. ഇസ്ലാമിയ എ എൽ പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഒരു നിമിത്തം എന്നോണം 100ലധികം വർഷത്തെ പഴക്കമുള്ള പ്രസ്തുത സ്കൂൾ കാശ് മുടക്കി സ്വന്തമാക്കി കോടികൾ മുടക്കി ആധുനിക കെട്ടിടം പണിതു വിപുലീകരിച്ചു. തൊഴിലോ ഭാഷയോ വശമില്ലാത്തതിനാൽ ദുബായിൽ കാര്യമായ ജോലി ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് പുറപ്പെട്ടു.
മദ്രാസിൽ നിന്ന് പാസ്സ്പോർട്ട് എടുത്ത് ഖത്തറിലേക്ക് വിസ സംഘടിപ്പിച്ച് സുഹൃത്ത് അഹമ്മദിനോടൊപ്പം കാറ്ററിംഗ് തുടങ്ങി. 1973 കേറ്ററിംഗ് പൂട്ടിയതോടെ വ്യാപാരം തനിക്ക് വഴങ്ങില്ലെന്ന് കണ്ട് ബ്രിട്ടീഷ് ബാങ്ക് മാനേജർ ഓഫീസിൽ ജോലി തരപ്പെടുത്തി. രണ്ടു കൊല്ലത്തിനു ശേഷം വീണ്ടും പാർട് ണർമാരെ ചേർത്ത് ടെക്സ്റ്റയിൽ വ്യാപാരം ആരംഭിച്ചെങ്കിലും അധികകാലം അതും പച്ച പിടിക്കാതായപ്പോർ വീണ്ടും മെട്രോ ഹോട്ടൽ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. സാധു മുഹമ്മദ്, മമ്പാട് സി ജെ എസ് തങ്ങൾ, മലപ്പുറം മൊയ്തീൻ എന്നിവരെ പങ്കാളികളാക്കി. 1979 സെഞ്ചുറി ടെക്സ്റ്റയിൽ സ് ആരംഭിച്ചതോടെ നഷ്ടത്തിൽ നിന്ന് ജീവിതം ലാഭത്തിലേക്ക് കാലെടുത്തു വെച്ചു. പങ്കാളികൾ സ്വമേധയാ ഒഴിഞ്ഞതിനാൽ സ്ഥാപനം സ്വന്തമായി നടത്തി. 1988 ബോംബെ സിൽക്ക് സെന്‍റർ എന്ന പേരിൽ മികച്ച രീതിയിൽ വസ്ത്രാലയം ആരംഭിച്ചു.
1976ലാണ് സാലിച്ചയെ ഞാൻ പരിചയപ്പെടുന്നത് ചന്ദ്രിക ദിനപത്രത്തിന്റെ വളർച്ചക്കും അഭിവൃദ്ധിക്കും വേണ്ടി രൂപീകരിച്ച ഖത്തർ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഈ കുറിപ്പുകാരൻ വഹിക്കുമ്പോൾ അദ്ദേഹം ഉപാധ്യക്ഷനായി. സംഘടനയിലേക്കുള്ള കയറ്റം അന്നും മുതലായിരുന്നു. ആ ബന്ധവും മറ്റും വെച്ച് കൊണ്ടു തന്നെയായിരുന്നു സെഞ്ച്വറി ടെക്സ്റ്റൈൽ ഉദ്ഘാടനത്തിന് അന്നത്തെ എം എൽ എ ആയിരുന്ന സി ടി അഹമ്മദലിയും ചെർക്കളം അബ്ദുള്ളയും എത്തിയത്. ഗൾഫിലെ വസ്ത്ര വിപണിയിൽ നൂതന അധ്യായം രചിച്ചുകൊണ്ട് പേരെടുത്ത വ്യാപാര സമൂഹത്തിലെ സമുന്നത സ്ഥാനം വഹിക്കുന്നവരിൽ ഒരുവനായി സ്ഥാനം അലങ്കരിക്കുന്ന ആൾ കൂടിയായി ബേക്കൽ. സത്യസന്ധമായ വഴിയിലൂടെ ധനസമ്പാദനത്തിന് എളുപ്പവഴികളോ കുറുക്കുവഴിയോ ഇല്ലെന്നു ദൃഢമായി വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് ഉന്നത ശ്രേണി കീടക്കാൻ സാധിച്ചത്.
സ്വദേശ- വിദേശികൾക്കിടയിൽ ബോംബെ സിൽക്ക് സെന്‍റർ ഗൃഹനാമമായി മാറി. അതിനുപുറമേ അബ്ദുൽ അസീസ് അക്കരെയോടൊപ്പം ലക്സസ്ടൈലറിംഗ് ആൻഡ് സ്റ്റോർസ് എന്ന സ്ഥാപനവും സൂഖ്ഫാലയിൽ സ്വന്തമായി ദാന സെന്‍ററും ആരംഭിച്ചതോടെ വസ്ത്രവ്യാപാര രംഗത്ത് ശക്തമായ സാന്നിധ്യമായി മാറി. ലക്സസ്സിന് ദോഹയിൽ മാത്രം 28ഉം ദുബായിൽ 4ഉം ഔട്ട്‌ലെറ്റുകളുണ്ട്. യഥാർഥ സിൽക്ക് വസ്ത്രങ്ങൾ ഇന്ത്യയിലെ മേത്തരം മില്ലുകളെ ആശ്രയിച്ചായിരുന്നു ഇറക്കുമതി ചെയ്തത്. പ്രശസ്ത വിതരണക്കാരായ റെയ്മണ്ട്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകൃത വിതരണക്കാരായി ബോംബെ സിൽക്കിനെ ഏൽപ്പിച്ചു. 2019ൽ പാണ്ട ഹൈപ്പർ മാർക്കറ്റ് സ്ഥാപിച്ചുകൊണ്ട് ഭക്ഷ്യ വിപണന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി.
സാലിച്ചയുടെ ഖത്തറിലും ദുബായിലും ഇന്ത്യയിലുമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമൻ നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത് ബുർജ് ഖലീഫ എന്ന സ്വപ്ന സൗദത്തിലെ മുപ്പത്തിനാലാം നിലയിലെ സുന്ദരവും അതിമനോഹരവുമായ അപ്പാർട്ട്മെന്‍റ്. ചുരുക്കം മലയാളികൾക്ക് മാത്രമേ അത് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ.പ്രവാസി സമൂഹത്തെ മാത്രമല്ല രാജകുടുംബാംഗങ്ങളെ പോലും ആകർഷിക്കുന്ന ഇഷ്ട സ്ഥാപനമായി ബോംബെ സിൽക്ക് സെന്‍റർ വളർന്നു. 1988ല്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ദോഹയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നിൽക്കുന്നു. ഗൾഫിലെ സാമ്പത്തിക മാന്ദ്യമോ മറ്റു ഘടങ്ങളോ സലിച്ചയുടെ വളർച്ചക്ക് ഒരിക്കലും വിഘ്നം സൃഷ്ടിച്ചില്ല.
തികഞ്ഞ മതനിഷ്ഠയും കാരുണ്യ പ്രവർത്തനങ്ങളും വളർച്ചയുടെ മുഖ്യഘടകങ്ങൾ ആണെന്ന് വിശ്വസിക്കുന്നയാളും കൂടിയാണ് സാലീച്ച. അതോടൊപ്പം മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടുകയോ കുണ്ഠിതപ്പെടുകയോ ചെയ്യാറില്ല. തീർച്ചയായും നമുക്ക് ലഭിക്കാനുള്ളത് നമുക്ക് തന്നെ ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണദ്ദേഹം. നന്മനിറഞ്ഞ മനസ്സിന്റെ ഉടമയും കൂടിയായ അദ്ദേഹം കരുണാർദ്രമായ പെരുമാറ്റംകൊണ്ട് സഹജീവികളിൽ നിന്നും സ്നേഹവും വാത്സല്യവും പിടിച്ചു പറ്റി.
വിപണനരംഗത്ത് താഴ്ചയും ഉയർച്ചയും സർവ്വ സാധാരണയാണ്. അതിൽ ഒരിക്കലും പരിഭവിക്കേണ്ടതില്ല- സാലീച്ചയുടെ വാക്കുകൾ. സ്ഥാപനങ്ങളിലെ തൊഴിലാളികളോട് മാത്രമല്ല എല്ലാവരോടും തുല്യ രീതിയിൽ പെരുമാറുന്ന സാലിച്ചയുടെ ശൈലി പ്രത്യേകം എടുത്തു പറയേണ്ടതാണ്.
1986ല്‍ കെ എം സി സിയുടെ ആവിർഭാവത്തോടെ ജില്ലാ സംസ്ഥാന തലത്തിൽ സജീവമാവുകയും സാരഥ്യം വഹിക്കുകയും ചെയ്തു. ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്ഥാപക അംഗം ഐ സി സി, ഐ സി ബി എഫ് ഇന്ത്യൻ ക്ലബ്ബ് എന്നിവയിലും പ്രവർത്തിച്ചു വരുന്നു. മാത്രമല്ല, കാസര്‍ക്കോട് ജില്ലയിലെ സി എച്ച് സെന്‍റർ ഉപാധ്യക്ഷനും പള്ളിക്കര പഞ്ചായത്ത് സി എച്ച് .സെന്‍റർ ഖജാഞ്ചിയുമാണ്. നാട്ടിൽ നിർധനരായ പത്ത് കുടുംബങ്ങൾക്ക് വേണ്ടി ബൈത്തുറഹ്മ എന്ന കാരുണ്യ ഭവനം സ്വന്തം ചിലവിൽ പണിതു കൊടുത്തു. അങ്ങിനെ അറിയപ്പെടാത്ത നിരവധി കാരുണ്യപ്രവർത്തനങ്ങൾ വ്യാപാരത്തിൽ നിന്നും ലഭിച്ചിരുന്ന വരുമാനത്തിന് കൃത്യമായ ദാനധർമങ്ങൾ നൽകുന്നു. റിലീഫ് പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താതെ നിശ്ശബ്ദമായി ചെയ്ത നിരവധി ഉദാഹരണങ്ങളുണ്ട്.
ഏതുകാര്യത്തിനും സഹായ അഭ്യർഥനയുമായി സമീപിക്കുന്നവരെ വെറുംകയ്യോടെ തിരിച്ചയക്കുന്ന പതിവില്ല. ഇല്ല എന്ന വാചകം അദ്ദേഹത്തിന്‍റെ നിഘണ്ടുവിലില്ല. മൂന്നര പതിറ്റാണ്ടിലധികം ഒപ്പം നിന്ന് നേരിട്ട് മനസ്സിലാക്കിയവനാണ് ഈ കുറിപ്പുകാരൻ. സപ്തതിയുടെ നിറവിലും ചുറുചുറുക്കും കഠിനാധ്വാനവും മുഖമുദ്രയാക്കിയത് എവരാലും അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പാൻ സാധിക്കുന്നത് ഒരു പുണ്യകർമം ആണെന്ന് വിശ്വസിക്കുന്ന സാലിച്ചാക്ക് അവരുടെ പ്രാർഥനയുടെ ഫലമാണ് ജീവിതാമൃതം നേടാൻ സാധിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച സാലിച്ച പൊതുരംഗത്തെ ഒട്ടു മിക്ക മത രാഷ്ട്രീയ നേതാക്കന്മാരുമായും അടുത്ത ബന്ധം പുലർത്തി വരുന്നു. ഖത്തറിൽ സന്ദർശനത്തിന്എത്തുന്നവർ മിക്കവരും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചവരാണ്.
ദീർഘദൃഷ്ടിയും കഠിനപ്രയത്നവും കൊണ്ട് വളരെ ചെറിയതോതിൽ വ്യാപാര വിപണിയിൽ മുത്തമിട്ടു വസ്ത്ര ലോകത്തിന്റെ നെറുകയിലെത്തിയ സാലിച്ചയുടെ സംഭവബഹുലമായ ജീവിതവും വിജയ രഹസ്യവും വരുംതലമുറയ്ക്ക് മാതൃക കൂടിയാണ്. ഈ വിജയഗാഥയ്ക്ക് പിന്നിൽ ഖത്തർ എന്ന സുരക്ഷിത ഭൂമിയിലെ ഭരണാധികാരികളുടെയും രാജകുടുംബത്തിന്‍റേയും ഭരണകൂടത്തിന്‍റേയും നിർലോഭമായ സഹകരണത്തിന്റെ കയ്യൊപ്പ് ചാർത്തിയിട്ടു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇടപാടുകാരോട് വിശ്വസ്തതയോടെയും ശ്രദ്ധയോടെയും പെരുമാറുക, രചനാത്മകമായ സമീപനം സ്വീകരിക്കുക, എടുത്തുചാട്ടം ഒഴിവാക്കുക, സത്യസന്ധത പുലർത്തി കഠിനാധ്വാനത്തിലേർ പ്പെടുക എന്നിവയുമാണ് സംരംഭകർക്ക് എന്നും നൽകാറുള്ള ഉപദേശം’.
തന്‍റെ എല്ലാ തിരക്കിനിടയിലും എല്ലാ വിഭാഗം ജനങ്ങളുമായും സാലിച്ച ഇടപെടും. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല.അതേപോലെ പ്രവാസികളുടെയും സ്വദേശികളുടെയും സഹകരണവും വിശ്വാസ്യതയും എന്നും കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുന്നു. ലോകത്ത് എവിടെയായിരുന്നാലും ഏത് സഹായത്തിനും ഒരു ടെലഫോൺ സന്ദേശത്തിലൂടെ സാലിച്ചയെ അറിയിച്ചാൽ അനുഭാവ പൂർണ്ണമായ മറുപടി ലഭിക്കും. ആരെയും ഏതുകാര്യത്തിലും നിരുത്സാഹപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല.
ഗൾഫ് ജീവിതത്തിന്റെ നീണ്ട അമ്പതിലധികം വർഷം പൂർത്തിയാക്കിയിരുന്ന സാലീച്ച മുസ്ലിം ലീഗിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തൻ സുലൈമാൻ സേട്ടു സാഹിബ് ബനാത്ത് വാല, സി എച്ച് മുഹമ്മദ് കോയ, ഇ അഹമദ് സാഹിബ്, പി കെ ബഷീർ, സയ്യിദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. എം കെ മുനീർ, അബ്ദുസ്സമദ് സമദാനി, കെ എൻ എ ഖാദർ തുടങ്ങിയ മുസ്ലിം ലീഗ് നേതാകളുമായും ഇ കെ നായനാർ, ഉമ്മൻ ചാണ്ടി ഉൾപ്പെടെ മറ്റിതര രാഷ്ടീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിയിരുന്നു.
അര നൂറ്റാണ്ട് കാലമായി ഗൾഫിൽ കഴിഞ്ഞിരുന്ന സാലിച്ചയുടെ സഹധർമ്മിണി മുംതാസ് സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ ആയിരുന്ന യു വി മൊയ്തു സാഹിബിന്‍റെ മകളാണ്. ഭാര്യയും മകൾ ജഫ്നയും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
സാലിച്ചയുട പരലോക മോക്ഷത്തിന്നായി പ്രാർഥിക്കുന്നു.