

ദോഹ: വടക്കന്‍ ഖത്തറില്‍ കണ്ടെത്തിയ പിങ്ക് ജലാശയം വൈറലോടു വൈറല്‍. വെള്ളമെങ്ങനെ പിങ്കായെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫയാദിന്റെ ട്വീറ്റിലൂടെയാണ് പിങ്ക് ജലാശയത്തെ കുറിച്ച് പുറത്തറിഞ്ഞത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ ജലാശയത്തില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എന്തുകൊണ്ടാണ് വെള്ളത്തിന്റെ നിറം പിങ്കായതെന്ന് വ്യക്തമല്ലെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ജലാശയത്തിന്റെ ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫയാദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് ജലാശയത്തില്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചും അല്‍ ഫയാദ് പോസ്റ്റിട്ടു.
മഴയില്ലാത്തതിനാല്‍ ജലാശയത്തില്‍ വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്ന് ചൂട് കൂടിയതായാണ് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഇതേതുടര്‍ന്ന് ഉപ്പുവെള്ളത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ബാക്ടീരിയകളും ആല്‍ഗകളും അതില്‍ സജീവമാവുകയും പിങ്ക് പദാര്‍ഥം സ്രവിച്ചതിനെ തുടര്‍ന്ന് വെള്ളത്തിന് പിങ്ക് നിറമായെന്നാണ് പ്രാഥമികമായി മനസ്സിലാക്കാനാവുന്നതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

