

ദോഹ: കോവിഡ് വാക്‌സിന്‍ രണ്ടു ഡോസുമെടുത്തവര്‍ നിശ്ചിത സമയത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ സുവര്‍ണ ചട്ടക്കൂട് അപ്രത്യക്ഷമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇഹ്തിറാസ് ആപ്പില്‍ സുവര്‍ണ്ണ ചട്ടക്കൂട് നിലനിര്‍ത്താന്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ കഴിയുന്നതും മൂന്നാമത്തെ ഡോസ് എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ യാത്രയ്ക്കു മുമ്പുതന്നെ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയാക്കിയ എല്ലാവരും നിലവില്‍ മൂന്നാം ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

