

ദോഹ: സ്‌കൂള്‍ ബസ്സില്‍ കുട്ടി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. മിന്‍സയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

വക്ര സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനില്‍ കെ ജി വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് ആണ് സ്‌കൂള്‍ ബസ്സില്‍ ദാരുണമായി മരിച്ചത്. ബസ്സില്‍ ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ ബ്‌സ് ജീവനക്കാര്‍ ഡ്യൂട്ടി നിര്‍വഹിച്ച് പോവുകയായിരുന്നു. വാതിലുകള്‍ അടച്ചിട്ട് തുറസ്സായ സ്ഥലത്ത് വെയിലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ജീവനക്കാര്‍ എത്തി ബസ് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

