

ദോഹ: ബിര്‍ള പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥികളായ ജയ് ആദിത്യ, നിഹാല്‍ ആഷിക്, ഹാനിഷ് അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് എഴുതിയ BECOMING A MAKER, AN INTRODUCTION TO HOBBY ROBOTICS എന്ന പുസ്തകം ആദ്യപ്രതി ഏറ്റുവാങ്ങി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

റോബോട്ടിക്സ് സയന്‍സില്‍ അതീവ തത്പരരായ മൂന്ന് പേരും കേവലം 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവരുടെ ആദ്യ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

‘BECOMING A MAKER, AN INTRODUCTION TO HOBBY ROBOTICS’ എന്ന തലക്കെട്ടിലുള്ള ഈ പുസ്തകം റോബോട്ടിക്സിന്റെ മാസ്മരിക ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്ന പുതു തലമുറയ്ക്ക് ആകര്‍ഷകമായ വഴികാട്ടിയായി മാറും.
കൈനമാറ്റിക്സ്, സെന്‍സറുകള്‍, ആക്‌ച്വേറ്ററുകള്‍, പ്രോഗ്രാമിംഗ് ഭാഷകള്‍ എന്നിവ പോലുള്ള റോബോട്ടിക്‌സിന്റെ പ്രധാന തലങ്ങളിലേക്കെല്ലാം കടന്നുചെല്ലുന്ന പുസ്തകം, അതുകൊണ്ടു തന്നെ റോബോട്ടിക് ചലനങ്ങളെയും ഇടപെടലുകളെയും നിയന്ത്രിക്കുന്ന പ്രധാന തത്വങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള ശക്തമായ അടിത്തറ വായനക്കാര്‍ക്ക് നല്‍കുന്നു. അതുവഴി ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഹോബി റോബോട്ടുകളെ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും പ്രോഗ്രാം ചെയ്യാനും കഴിയും.
ഘട്ടംഘട്ടമായുള്ള നിര്‍ദ്ദേശങ്ങളും മാതൃകാ ചിത്രങ്ങളും കൊണ്ട് പൂര്‍ത്തിയാക്കിയ ഈ പുസ്തകം വായനക്കാര്‍ക്ക് ഒരേസമയം വിനോദപ്രദവും ആനന്ദകരമായ പഠനാനുഭവം ഉറപ്പാക്കുന്നതുമാണ്.
പുസ്തകത്തിന്റെ രചയിതാക്കളായ ജയ് ആദിത്യ, നിഹാല്‍ ആഷിക്, ഹാനിഷ് അബ്ദുള്ള എന്നിവര്‍ ഈ ചെറുപ്രായത്തില്‍ തന്നെ റോബോട്ടിക്സിന്റെ ലോകത്ത് അവരുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
റോബോട്ടിക്സില്‍ തത്പരരായ സമപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പാനാടെക്‌സ് എന്ന പേരില്‍ ഒരു ടെക് ഓര്‍ഗനൈസേഷനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, അഖിലേന്ത്യാ തലത്തില്‍ നടന്ന എഞ്ചിനീയറിംഗ് മത്സരത്തില്‍ ഒന്നര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും നേടിയിരുന്നു.
ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടക്കുന്ന മൈക്രോ- റോബോട്ടിക് ക്യാന്‍സര്‍ ഗവേഷണ പ്രോജക്ടിലും ജയ് ആദിത്യയും നിഹാല്‍ ആഷിക്കും സഹഗവേഷകരായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഔദ്യോഗിക ലോഞ്ച് പൂര്‍ത്തിയായതോടെ, ഇനി പുസ്തകം ആമസോണിലും കൂടാതെ വിവിധ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ പുസ്തകശാലകളിലും വായനക്കാര്‍ക്ക് ലഭ്യമാവും. കൂടാതെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലും കോപ്പികള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
സിവില്‍ സര്‍വീസിലേക്ക് വരുന്നതിനു മുമ്പ് എഞ്ചിനീയറിംഗും ഫിസിക്‌സും പാഷനായിരുന്ന തനിക്ക് ഈ ഒരു പുസ്തക പ്രകാശനം നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി വിവരണാതീതമാണെന്ന് അംബാസഡര്‍ വിപുല്‍ പറഞ്ഞു.

