മലപ്പുറത്തെ അപമാനിച്ച പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് പി എം എ സലാം

Web Desk
1 Min Read

തിരുവനന്തപുരം: മലപ്പുറം ജില്ലയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് രംഗത്ത്. മലപ്പുറത്ത് എത്ര രാജ്യദ്രോഹ കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു.

city exchange

മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതിനെതിരെയാണ് മുസ്‌ലിം ലീഗ് രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 150 കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം. മുസ്‌ലിം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സര്‍ക്കാറിനെതിരെ മുസ്‌ലിം വിരുദ്ധ പ്രചാരണം വരുന്നതെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു.

മലപ്പുറത്തിനെതിരായ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ആരോപണത്തിന് എന്തെങ്കിലും തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടെങ്കില്‍ ഹാജരാക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഇത്തരം നീക്കം നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നതെങ്കില്‍ അവിടെ പിടിക്കപ്പെട്ടവരില്‍ ഏറെയും കണ്ണൂര്‍ ജില്ലക്കാരാണെന്നും പി എം എ സലാം വിശദമാക്കി. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ മലപ്പുറത്തു പോയി വെട്ടിപ്പ് നടത്തുന്നത് മലപ്പുറത്തിന്റെ തലയില്‍ ഇടാമോയെന്നും പി എം എ സലാം ചോദിച്ചു.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണെന്നും അല്ലാതെ മറ്റുള്ളവര്‍ക്കു മേല്‍ ആരോപണം കെട്ടിവെച്ചല്ലെന്നും പി എം എ സലാം പറഞ്ഞു. മലപ്പുറം ജില്ലക്കാരനായ അന്‍വര്‍ ആരോപണം ഉന്നയിച്ചാല്‍ അതിനുത്തരവാദി മലപ്പുറം ജില്ലയല്ലെന്നും ആര്‍ എസ് എസിനെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടി വരുമെന്നും മാസപ്പടി വിവാദത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മുഖ്യമന്ത്രിയുടെ മകളും കുടുംബവുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി എം എ സലാം പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!