
ദോഹ: ഖത്തര്‍ ഔഖാഫ്- ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക വേനല്‍ക്കാല പരിശീലന പരിപാടി സമാപിച്ചു. രാജ്യത്തെ 10 മതപ്രബോധന കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ 10 മുതല്‍ 15 വയസ്സ് വരെയുള്ള 1,100-ലധികം കുട്ടികള്‍ പങ്കെടുത്തു.

വേനലവധിക്കാലം കുട്ടികള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാനും ഇസ്ലാമിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കാനും ഖുര്‍ആന്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും പ്രതിഭകള്‍ പരിപോഷിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിട്ടത്. യുവതലമുറയുടെ സമഗ്ര വ്യക്തിത്വ വികസനത്തിനായുള്ള മന്ത്രാലയത്തിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.

പഠനവും വിവിധ സംവേദനാത്മക പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച പഠനാന്തരീക്ഷമാണ് പരിപാടിയിലൂടെ ഒരുക്കിയത്. ഇതുവഴി കുട്ടികളുടെ സാമൂഹിക നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്താനും കുടുംബത്തോടും സമൂഹത്തോടുമുള്ള ഇടപെടല്‍ ശക്തിപ്പെടുത്താനും സാധിച്ചതായി മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിലെ വിദ്യാഭ്യാസ വിദഗ്ധനായ ഡോ. അഹമ്മദ് അല്‍ ഫര്‍ജാബി, യുവജനങ്ങളുടെ സമയം ക്രിയാത്മകമായി വിനിയോഗിക്കുന്നതിനൊപ്പം ഇസ്ലാമിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ജീവിതത്തിന് ആവശ്യമായ അടിസ്ഥാന നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു. യുവജനങ്ങളുടെ വിദ്യാഭ്യാസപരവും വ്യക്തിത്വപരവുമായ വളര്‍ച്ചയ്ക്കായി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ വിദ്യാഭ്യാസ- വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാപനച്ചടങ്ങില്‍ മതബോധവത്കരണ വിഭാഗം മേധാവി മൊഅസ് യൂസഫ് അല്‍ ഖാസിമി മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിച്ചു. പരിപാടിയുടെ വിജയത്തില്‍ സഹകരിച്ച അല്‍ ഖോര്‍ സ്‌പോര്‍ട്‌സ് ക്ലബ്, അല്‍ അഹ്ലി സ്‌പോര്‍ട്‌സ് ക്ലബ്, മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് വിഭാഗം എന്നിവയുള്‍പ്പെടെയുള്ള പങ്കാളി സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിച്ചു.
ഈ വര്‍ഷത്തെ പരിപാടിയില്‍ കുട്ടികള്‍ക്കായി വിവിധ വിദ്യാഭ്യാസ- നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഖുര്‍ആന്‍ പഠനം, സാമൂഹിക മൂല്യങ്ങള്‍, മാതാപിതാക്കളോടും മുതിര്‍ന്നവരോടുമുള്ള ആദരവ്, പള്ളികളിലെ ശിഷ്ടാചാരങ്ങള്‍, സമയനിയന്ത്രണം, നല്ല സാമൂഹിക ഇടപെടല്‍, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പ്രധാനമായും പ്രാധാന്യം നല്‍കിയത്.

