

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
ഗഡ്ചറോളിയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. രവീന്ദ്ര നൈതം, സര്‍വേശ്വര്‍ ആത്രം, മഹാരു കുട്മെതെ, തിക്രം കടാങ്കെ എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ഇതുവരെയായി 26 മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാളെയോടെ നടത്തുമെന്നും എസ് പി അങ്കിത് ഗോയലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഗഡ്ചറോളിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏറ്റുമുട്ടലാണ് നടന്നതെന്നും രാവിലെ ആറിന് തുടങ്ങിയ ഓപ്പറേഷന്‍ വൈകിട്ട് നാലു വരെ തുടര്‍ന്നെന്നാണ് പൊലീസ് അറിയിച്ചത്.
വനത്തില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
സി പി ഐ (മാവോയിസ്റ്റ്) ഗഡ്ചറോളി ഡിവിഷന്‍ കമ്മിറ്റി അംഗം സുഖ്ലാലിന്റെ നേതൃത്വത്തിലുള്ള കോര്‍ച്ചി ദളത്തിലെ അംഗങ്ങളാണ് സംഘത്തില്‍ പ്രധാനമായും ഉള്‍പ്പെട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

2018 ഏപ്രില്‍ 23ന് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 40 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണ് ഗഡ്ചറോളിയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് എന്‍കൗണ്ടര്‍. അതിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ശനിയാഴ്ച നടന്നത്.
സി പി ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മിലിന്ദ് ടെല്‍തുംബ്ഡെ അടക്കുമുള്ള മാവോയിസ്റ്റുകളാണ് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കേവലം അഭ്യൂഹമാണെന്നും മരിച്ചവരെ ഞായറാഴ്ച തിരിച്ചറിയുമെന്നും പൊലീസ് എസ് പി പറഞ്ഞു.
ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആനന്ദ് തെല്‍തുംബ്ഡെയുടെ ഇളയ സഹോദരനാണ് മിലിന്ദ് തെല്‍തുംബ്ഡെ. സി പി ഐ (മാവോയിസ്റ്റ്) മഹാരാഷ്ട്ര- മധ്യപ്രദേശ്- ഛത്തീസ്ഗഡ് മേഖലയുടെ ചുമതലക്കാരനാണ് മിലിന്ദ്.

