

ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള അപേക്ഷാ പോര്‍ട്ടല്‍ ആരംഭിച്ചു. അപേക്ഷകള്‍ ആഗസ്ത് ഏഴിനകമാണ് സമര്‍പ്പിക്കേണ്ടത്.

നവംബറില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ ടൂറിസം അവാര്‍ഡ് മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ അപേക്ഷകളുടെ പ്രാരംഭ വിലയിരുത്തല്‍ യു എന്‍ ടൂറിസവും ഖത്തര്‍ ടൂറിസവും സഹകരിച്ചാണ് നിര്‍വഹിക്കുക. അപേക്ഷകര്‍ക്ക് പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കാന്‍ ജൂണില്‍ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ധരുടെ പാനലാണ് അന്തിമ വിലയിരുത്തല്‍ നടത്തുക. ഹോട്ടല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേതൃത്വവും നൂതനത്വവും പ്രകടിപ്പിച്ച ജനറല്‍ മാനേജരെ അംഗീകരിക്കുന്ന ഹോട്ടലിയര്‍ ഓഫ് ദി ഇയര്‍, അസാധാരണമായ അതിഥി സേവനവും ആഴത്തിലുള്ള പ്രാദേശിക പരിജ്ഞാനവും പ്രകടമാക്കുന്ന ഖത്തറിലെ ഒരു പഞ്ചനക്ഷത്ര പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള ഒരു കണ്‍സേര്‍ജിനെ അഭിനന്ദിക്കുന്ന ലീഡിംഗ് ചീഫ് കണ്‍സേര്‍ജ് എന്നിങ്ങനെ രണ്ട് പുതിയ ഉപവിഭാഗങ്ങള്‍ക്കു കൂടി പുരസ്‌ക്കാരങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍ ടൂറിസം വികസന മേഖല മേധാവി ഒമര്‍ അല്‍ ജാബര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു എന്‍ ടൂറിസം ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് കോ-ഓപ്പറേഷന്‍ (ഐഡിസി) ഡയറക്ടര്‍ ജെയിം മായാക്കിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
