

ദോഹ: നോർക്ക റൂട്ട്സിന്റെയും പ്രവാസി ക്ഷേമനിധിയുടെയും പ്രവർത്തനങ്ങൾ പ്രവാസികൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനു വേണ്ടി സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കുവാൻ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ഐ സി സിയിൽ നടന്ന ശില്പശാല കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടി നയിച്ച ശില്പശാലയിൽ പ്രവാസി പെൻഷൻ, ഡിവിഡന്റ് പദ്ധതി, പ്രവാസികൾക്കുള്ള മറ്റു ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു.

ക്ഷേമനിധിയിൽ ഓൺലൈൻ ആയി അംഗത്വം എടുക്കുന്നതിനെ കുറിച്ച് നോർക്ക- ക്ഷേമനിധി ഹെൽപ്‌ഡെസ്‌ക് പ്രവർത്തകരായ അബ്ദുൽ അസീസ്, സബീന അബ്ദുൽ അസീസ് എന്നിവർ വിശദീകരിച്ചു.
ഖത്തറിലെ വിവിധ മലയാളി സംഘടനകളിൽ നിന്നും എഴുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചു വിശദീകരിക്കുന്ന അബ്ദുൽ റൗഫിന്റെ ആയിരാമത് വേദി എന്ന പ്രത്യേകതയും ശിൽപ്പാശാലക്കുണ്ടായിരുന്നു.
ലോക കേരള സഭ അംഗം എ സുനിൽകുമാർ, സംസ്കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടി, സാൾട്ടസ് സാമൂവൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

